Connect with us

Gulf

വരവായി ഈത്തപ്പഴക്കാലം

Published

|

Last Updated

ഷാര്‍ജ: ചൂട് കനത്തു, ഈന്തപ്പനകള്‍ കായ്ച്ചു തുടങ്ങി. മരുഭൂമിയില്‍ ഇനി ഈത്തപ്പഴക്കാലം. ചൂട് തുടങ്ങിയതോടെ പൂവിട്ടു കനത്തു കായ്ച്ചു തുടങ്ങി. ചൂട് ഒന്നുകൂടി ശക്തിപ്പെടുന്നതോടെ പഴുത്തുതുടങ്ങും. തുടര്‍ന്ന് വിളവെടുപ്പ് ആരംഭിക്കും. ഇതോടെ രാജ്യത്തെ ഈത്തപ്പഴ വിപണി ഉണരും. വിശുദ്ധ റമസാന്‍ സമാഗതമാകുമ്പോഴേക്കും ചെറിയ തോതിലെങ്കിലും പുതിയ ഈത്തപ്പഴം വിപണിയിലെത്തും. മെയ് അവസാന വാരത്തിലാണ് റമസാന്‍ ആരംഭം.

കായ്ച്ചു നില്‍ക്കുന്ന ഈന്തപ്പനകള്‍ ഏറെ മനോഹരമാണ്. പാതയോരങ്ങളിലും, വീട്ടുപറമ്പുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ധാരാളം ഈന്തപ്പനകളുണ്ട്. അധികൃതര്‍ ഏറെ സംരക്ഷണവും പ്രാധാന്യവുമാണ് ഈന്തപ്പനകള്‍ക്ക് നല്‍കുന്നത്. രോഗം ബാധിച്ച് നശീകരണത്തിലേക്ക് നീങ്ങുന്ന ഈന്തപ്പനകളെ സംരക്ഷിച്ച് പരിചരിക്കുന്ന കാഴ്ച പലയിടങ്ങളിലും കാണാവുന്നതാണ്. മാത്രമല്ല വന്‍തോതില്‍ നട്ടുവളര്‍ത്തുന്നുമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും പാതയോരങ്ങളിലും ഈന്തപ്പനകള്‍ നട്ടുവളര്‍ത്തുന്നു.
ഈന്തപ്പനകള്‍ കായ്ച്ചതോടെ ജനങ്ങളുടെ മനവും കുളിര്‍ത്തു. ഏവരുടെയും നോട്ടമിപ്പോള്‍ കായ്ച്ചുനില്‍ക്കുന്ന മരങ്ങളിലേക്ക്. അടുത്ത മാസങ്ങളില്‍ നാട്ടില്‍ പോകാനൊരുങ്ങുന്നവര്‍ പുതിയ ഈത്തപ്പഴവുമായി യാത്രയാകാമെന്ന പ്രതീക്ഷയിലാണ്. വേനലവധിക്ക് സ്വദേശത്തേക്ക് തിരിക്കുന്നവര്‍ക്കാണ് പുതിയ ഈത്തപ്പഴവുമായി പോകാനുള്ള അവസരം ഏറെ ലഭിക്കുക.

വില കൊടുത്ത് വാങ്ങിയും സൗജന്യമായി ലഭിക്കുന്നവയും പ്രവാസികള്‍ ധാരാളമായി കൊണ്ടുപോകുന്നു. തേനൂറുന്ന ഈത്തപ്പഴങ്ങള്‍ നാട്ടില്‍ അപൂര്‍വമാണ്. അതിനാലാണ് മിക്കയാളുകളും ഈത്തപ്പഴം നാട്ടിലേക്ക് കൊണ്ടുപോകുന്നു.
ഈത്തപ്പഴം കായ്ച്ചതോടെ കര്‍ഷകരും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും ഉണര്‍ന്നിട്ടുണ്ട്. പഴങ്ങള്‍ക്ക് ആവശ്യമായ മുന്തിയ പരിചരണമാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. കീടങ്ങളില്‍നിന്നും മറ്റും സംരക്ഷിക്കാനായി വലിയ പ്ലാസ്റ്റിക് കവറുകള്‍കൊണ്ട് ഈത്തപ്പന കുലകള്‍ പൊതിയും. വിളവിന് പാകമാകുമ്പോഴായിരിക്കും കവറുകള്‍ നീക്കുക. ഈത്തപ്പനകളില്‍ ഉണങ്ങിനില്‍ക്കുന്ന ഓലകളും മറ്റു അവശിഷ്ടങ്ങളും നീക്കുന്നു. തെങ്ങിന് നല്‍കുന്ന പരിചരണം കണക്കെയാണ് ഈത്തപ്പനകള്‍ക്കും നല്‍കുന്നത്.
രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് ഈത്തപ്പഴം. വന്‍തോതിലുള്ള വിദേശനാണ്യമാണ് ഇത് നേടിക്കൊടുക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും ഈത്തപ്പഴം ധാരാളമായി കയറ്റിയയക്കുന്നു. അതുകൊണ്ടുതന്നെ ഈത്തപ്പഴകാര്യത്തില്‍ അധികൃതര്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നു.
ജൂണ്‍, ജുലൈ മാസങ്ങളിലാവും പൂര്‍ണതോതിലുള്ള വിളവെടുപ്പ് ആരംഭിക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.

 

---- facebook comment plugin here -----

Latest