Connect with us

Ongoing News

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് 'ഫൈനല്‍'

Published

|

Last Updated

ഐസ്വാള്‍: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ഫൈനല്‍ ! ലീഗ് ടേബിളില്‍ 33 പോയിന്റുമായി ഒപ്പത്തിനൊപ്പം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഐസ്വാള്‍ എഫ് സിയും മോഹന്‍ ബഗാനും കൊമ്പുകോര്‍ക്കുമ്പോള്‍ അത് കിരീടപ്പോരാട്ടമായി മാറും. ഗോള്‍ ശരാശരിയില്‍ ബഗാന് മുന്‍തൂക്കമുള്ളതുകൊണ്ട് തന്നെ ഹോം മാച്ച് ഐസ്വാളിന് അവസാന പിടിവള്ളിയാണ്. ജയിച്ചാല്‍ മൂന്ന് പോയിന്റ് ലീഡില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം. ഈ മാസം മുപ്പതിന് നടക്കുന്ന അവസാന ലീഗ് റൗണ്ടില്‍ സമനിലയാണെങ്കിലും മിസോറം ക്ലബ്ബിന് കിരീടമുറപ്പിക്കാനുമാകും.
അതേ സമയം, ഇന്ന് ബഗാനാണ് ജയിക്കുന്നതെങ്കില്‍ കന്നിക്കിരീടമെന്ന ഐസ്വാളിന്റെ സ്വപ്‌നത്തിന് തിരിച്ചടിയേല്‍ക്കും. മത്സരം സമനിലയായാല്‍ അടുത്താഴ്ചത്തെ ഫിക്‌സചര്‍ സൂപ്പര്‍ ക്ലൈമാക്‌സിന് വഴിയൊരുക്കും. ബഗാന്‍ ഹോം മാച്ചില്‍ ചെന്നൈ സിറ്റിയെ നേരിടുമ്പോള്‍ ഐസ്വാള്‍ എവേ മാച്ചില്‍ ഷില്ലോംഗ് ലജോംഗിനെയും നേരിടും. ഒരേ സമയത്താകും മത്സരം.
അഞ്ചാം സ്ഥാനത്തുള്ള ഷില്ലോംഗ് ഐസ്വാളിന് കടുത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പ്. ബഗാന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. എട്ടാം സ്ഥാനത്തുള്ള ചെന്നൈ സിറ്റിയാണ് എതിരാളി. മിസോറം ക്ലബ്ബ് ഐസ്വാള്‍ എഫ് സിയുടെ കുതിപ്പ് കിരീടത്തിലെത്തിയാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതു ചരിത്രമാകും.
ദേശീയ ഫുട്‌ബോള്‍ ലീഗും ഐ ലീഗുമായി ഇന്ത്യന്‍ ഫുട്‌ബോളെ പ്രീമിയര്‍ കിരീടങ്ങള്‍ മാറി മാറി കൈവശം വെച്ചിട്ടുള്ളത് കൊല്‍ക്കത്തയും ഗോവയുമാണ്. ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഡെംപോ, സാല്‍ഗോക്കര്‍ എന്നീ ഗോവന്‍ ക്ലബ്ബുകള്‍ ചേര്‍ന്ന് എട്ട് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ ഈസ്റ്റ്ബംഗാളും മോഹന്‍ ബഗാനും കൊല്‍ക്കത്തക്കായി അഞ്ച് കിരീടങ്ങളാണ് നേടിയത്.

---- facebook comment plugin here -----

Latest