കുരിശ് വിവാദം: മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് സി പി ഐ മുഖപത്രം

Posted on: April 22, 2017 10:05 am | Last updated: April 22, 2017 at 3:47 pm

തിരുവനന്തപുരം: ഇടുക്കി പാപ്പാത്തിച്ചോലയിലെ കുരിശ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് സി പി ഐ മുഖപത്രമായ ജനയുഗം. ‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് പിണറായി വിജയന്റെ നിലപാടിനെ പേരെടുത്ത് പറയാതെ ജനയുഗം വിമര്‍ശിക്കുന്നത്.

പാപ്പാത്തിച്ചോലയിലെ നടപടി ക്രൈസ്തവ സഭകള്‍ സ്വാഗതം ചെയ്തതാണ്. മതപ്രതീകങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം ചെയ്ത രീതിയെ അവര്‍ ആരുംതന്നെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല ഒഴിപ്പിക്കല്‍ നടപടി തുടരാനുള്ള ശക്തമായ പിന്തുണയാണ് ആ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായത്.
ഭൂമി കൈയേറ്റ മാഫിയകള്‍ കുരിശടക്കം മതപ്രതീകങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും പുതുമയുള്ള കാര്യമല്ല. ഭക്തിവാണിഭക്കാരായ ഒരു ചെറു സംഘമാണ് ഏറിയപങ്കും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് അക്കാര്യത്തില്‍ യാതൊരു ജാതിമത ഭിന്നതകളും ഇല്ലെന്നതാണ് വസ്തുത. അവരില്‍ ഏറെയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കച്ചവടച്ചരക്കാക്കി മാറ്റിയിട്ടുള്ളവരാണെന്ന് സൂക്ഷ്മമായ അന്വേഷണം വ്യക്തമാക്കും. പാപ്പാത്തി ചോലയിലും വസ്തുതകള്‍ മറിച്ചല്ലെന്ന് ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. കുരിശിന്റെയും മതപ്രതീകങ്ങളുടെയും പേരില്‍ ഇത്തരം മാഫിയാസംഘങ്ങളുടെ ക്രിമിനല്‍ നടപടികള്‍ക്ക് ഒരു പരിഷ്‌കൃത സമൂഹവും കൂട്ടുനില്‍ക്കില്ലെന്ന വസ്തുതയാണ് കൈയേറ്റം ഒഴിപ്പിക്കലിനോട് കേരള സമൂഹത്തില്‍ നിന്നും ഉയര്‍ന്ന മഹാഭൂരിപക്ഷം പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
രാഷ്ട്ര സമ്പത്തിന്‍മേല്‍ മതത്തിന്റെ പേരിലുള്ള കൈയേറ്റത്തെയാണ് പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്. ഏതൊരു മതപ്രതീകത്തെയാണ് ഭൂമി കയ്യേറ്റ മാഫിയകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് അത് പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നും. മുഖപ്രസംഗത്തില്‍ പറയുന്നു.

 

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം…

‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും’

മൂന്നാര്‍ ഭൂമികയ്യേറ്റം ഒഴിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിശ്ചയദാര്‍ഢ്യത്തോടെ ആരംഭിച്ച നടപടികള്‍ കേരള ജനത പരക്കെ സ്വാഗതം ചെയ്തതായാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുറത്തുവന്ന പ്രതികരണങ്ങളില്‍ മാഹഭൂരിപക്ഷവും സൂചിപ്പിക്കുന്നത്. ചിന്നക്കനാലിനു സമീപം പാപ്പാത്തി ചോലയില്‍ ഭൂമാഫിയയുടെ കയ്യേറ്റ ഭൂമിയില്‍ അവര്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരിക പ്രതികരണങ്ങള്‍ ഒഴിച്ചാല്‍ ക്രിസ്തുസഭകള്‍ തന്നെ സര്‍ക്കാര്‍ നടപടിയെ ശ്ലാഘിക്കുകയായിരുന്നു. മതപ്രതീകങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്ത രീതിയെ അവര്‍ ആരുംതന്നെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ലെന്നു മാത്രമല്ല ഒഴിപ്പിക്കല്‍ നടപടി തുടരാനുള്ള ശക്തമായ പിന്തുണയാണ് ആ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മതസമുദായ കേന്ദ്രങ്ങളില്‍ നിന്നും ഒരു സര്‍ക്കാര്‍ നടപടിക്ക് പരക്കെ അംഗീകാരവും പിന്തുണയും ലഭിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. നടപടിയുമായി മുന്നോട്ടുപോകുമെന്ന് റവന്യു മന്ത്രിതന്നെ പ്രഖ്യാപിച്ചിരിക്കുകയുമാണ്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലകളില്‍ സുപ്രധാനവും പരിസ്ഥിതിലോല പ്രദേശവുമായ ഇടുക്കി ജില്ലയിലെ മൂന്നാറടക്കമുള്ള മലയോര മേഖലയിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പതിറ്റാണ്ടുകളായി നടന്നുവരുന്ന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പിണറായി ഗവണ്‍മെന്റിനായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന അവസരങ്ങളിലൊക്കെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തിയ കന്മതിലുകള്‍ അതിനെ പ്രതിരോധിക്കുകയായിരുന്നു. കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് ഗവണ്‍മെന്റുകള്‍ ആ ശ്രമങ്ങളെ ഓരോ തവണയും അട്ടിറിക്കുകയാണ് ചെയ്തത്. അവര്‍ ഫലത്തില്‍ ഭൂറിസോര്‍ട്ട് മാഫിയകളുടെ കയ്യാളുകളായാണ് എക്കാലത്തും വര്‍ത്തിച്ചത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എല്‍ഡിഎഫ് നടത്തിയ ഓരോ ശ്രമങ്ങളെയും തകര്‍ക്കാന്‍ നിക്ഷിപ്ത ഭൂറിസോര്‍ട്ട് മാഫിയ സംഘങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ എല്ലായിപ്പോഴും സംസാരിച്ചിരുന്നത് ഭൂരഹിത കുടിയേറ്റക്കാരെ കവചമാക്കിയാണ്. ഭൂരഹിത കുടിയേറ്റക്കാര്‍ ഇന്ദിരാ ആവാസ് യോജനയടക്കം പദ്ധതികളനുസരിച്ച് വീട് വെയ്ക്കാന്‍ ഇതിനകം നല്‍കിയ 129 അപേക്ഷകളില്‍ 125 ലും ജില്ലാ ഭരണകൂടം അനുകൂല തീരുമാനമെടുത്ത് അനുമതി നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും ഭൂരഹിത, ഭവനരഹിത കുടിയേറ്റക്കാരുടെ പേരില്‍ കയ്യേറ്റക്കാര്‍ക്കായി പ്രതിരോധമുയര്‍ത്തുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
ഭൂമി കയ്യേറ്റ മാഫിയകള്‍ കുരിശടക്കം മതപ്രതീകങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും പുതുമയുള്ള കാര്യമല്ല. ഭക്തിവാണിഭക്കാരായ ഒരു ചെറു സംഘമാണ് ഏറിയപങ്കും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് അക്കാര്യത്തില്‍ യാതൊരു ജാതിമത ഭിന്നതകളും ഇല്ലെന്നതാണ് വസ്തുത. അവരില്‍ ഏറെയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കച്ചവടച്ചരക്കാക്കി മാറ്റിയിട്ടുള്ളവരാണെന്ന് സൂക്ഷ്മമായ അന്വേഷണം വ്യക്തമാക്കും. പാപ്പാത്തി ചോലയിലും വസ്തുതകള്‍ മറിച്ചല്ലെന്ന് ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. കുരിശിന്റെയും മതപ്രതീകങ്ങളുടെയും പേരില്‍ ഇത്തരം മാഫിയാസംഘങ്ങളുടെ ക്രിമിനല്‍ നടപടികള്‍ക്ക് ഒരു പരിഷ്‌കൃത സമൂഹവും കൂട്ടുനില്‍ക്കില്ലെന്ന വസ്തുതയാണ് കയ്യേറ്റം ഒഴിപ്പിക്കലിനോട് കേരള സമൂഹത്തില്‍ നിന്നും ഉയര്‍ന്ന മഹാഭൂരിപക്ഷം പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ്‍് ചെയ്യുന്നത്. ഏതൊരു മതപ്രതീകത്തെയാണ് ഭൂമി കയ്യേറ്റ മാഫിയകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് അത് പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ആധുനിക രാഷ്ട്രമീമാംസയുടെ അടിക്കല്ലാണ് മതനിരപേക്ഷത. അത് മതത്തേയും രാഷ്ട്രത്തേയും കൃത്യമായി വ്യവഛേദിച്ച് ഉള്‍ക്കൊള്ളുന്നുണ്ട്. മതനിരപേക്ഷതയുടെ ഏറ്റവും സുവ്യക്തമായ നിര്‍വചനം ആധുനിക ലോകത്തിന് സംഭാവന ചെയ്യുന്നത് ഒരുപക്ഷെ വിശുദ്ധ വേദപുസ്തകമാണ്. ‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനു’മെന്ന ക്രിസ്തുവചനം മതനിരപേക്ഷതയുടെയും മതരാഷ്ട്രീയ ബന്ധങ്ങളുടെയും സമഗ്ര മൂര്‍ത്തീകരണമാണ്. രാഷ്ട്ര സമ്പത്തിന്‍മേല്‍ മതത്തിന്റെ പേരിലുള്ള കയ്യേറ്റത്തെയാണ് പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്. അതിനെ അപലപിക്കാന്‍ മതമേലധ്യക്ഷന്മാര്‍ മടികൂടാതെ രംഗത്തുവന്നുവെന്നത് മതേതര ജനാധിപത്യത്തിന്റെ വിജയമായി ചരിത്രം അടയാളപ്പെടുത്തും.
സര്‍ക്കാര്‍ ഭൂമിയടക്കം പൊതുസമ്പത്ത് കയ്യാളാന്‍ നടത്തുന്ന ഏതു ശ്രമത്തേയും ചെറുക്കാന്‍ മതനിരപേക്ഷ രാഷ്ട്രത്തിനും ഭരണകൂടത്തിനും നല്‍കുന്ന വിപുലമായ ജനപിന്തുണയാണ് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് കേരളത്തിലെ പൊതസമൂഹം പാപ്പാത്തിച്ചോല കുടിയൊഴിപ്പിക്കല്‍ പ്രശ്‌നത്തിലൂടെ പ്രകടിപ്പിച്ചത്. ഭക്തിയുടെയും മതപ്രതീകത്തിന്റെയും വിനോദസഞ്ചാര വ്യവസായത്തിന്റെയും മേറ്റ്ന്തിന്റെയും പേരിലാണെങ്കിലും പൊതുമുതല്‍ കയ്യേറാന്‍ ആരെയും ആരും അനുവദിക്കരുതെന്ന ശക്തമായ ജനകീയ താക്കീതാണ് കേരള ജനത ഗവണ്‍മെന്റിന് നല്‍കുന്നത്. ആ ധാര്‍മികമായ കരുത്ത് പതിറ്റാണ്ടായി ഭൂമിക്കും പരിസ്ഥിതിക്കും ജനങ്ങളുടെ നിലനില്‍പിനുതന്നെയും ഭീഷണിയായി തുടര്‍ന്നുവരുന്ന ഭൂമാഫിയ വാഴ്ചയ്ക്കും കയ്യേറ്റത്തിനും എതിരെ കാര്‍ക്കശ്യത്തോടെ നീങ്ങാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന് കരുത്തുപകരണം. അര്‍ഹരായ മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും ഭൂമിയുടെമേലുള്ള അവകാശം നിയമാനുസൃതം ഉറപ്പുനല്‍കിക്കൊണ്ടുള്ള അത്തരമൊരു നീക്കം കേരള ജനത സഹര്‍ഷം സ്വാഗതം ചെയ്യും.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്