Connect with us

Kerala

വരള്‍ച്ച: കേന്ദ്ര സംഘം വയനാട് സന്ദര്‍ശിച്ചു

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വരള്‍ച്ചാ സ്ഥിതിഗതികള്‍ നേരില്‍ കാണാനായി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശ്വിനികുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. കൃഷി മന്ത്രാലയത്തിലെ ഡോ. കെ പൊന്നുസ്വാമി, രാഹുല്‍ സിംഗ്, വിജയ് രാജ്‌മോഹന്‍, കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി ചീഫ് എന്‍ജിനീയര്‍ അന്‍ജലി ചാരു എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍.

രാവിലെ സുല്‍ത്താന്‍ ബത്തേരിയിലെത്തിയ സംഘാംഗങ്ങളോട് ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള ജില്ലാതല ഉദ്യോഗസ്ഥ സംഘം ജില്ലയിലെ രൂക്ഷമായ വരള്‍ച്ചാ സ്ഥിതിഗതികള്‍ വിശദീകരിച്ചു. ജില്ലാ കൃഷി ഓഫീസര്‍ എം പി വത്സമ്മ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി യു ദാസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി ജിവിജയകുമാര്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം രാജേന്ദ്രന്‍, വാട്ടര്‍ അതോറിറ്റി എക്‌സി.എന്‍ജിനീയര്‍ ടി കെ സുരേഷ്‌കുമാര്‍, അര്‍ബന്‍ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ എസ് അജയന്‍, ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് ജില്ലാ ഓഫീസര്‍ ഒ കെ സുജിത്കുമാര്‍, മീനങ്ങാടി റീജ്യനല്‍ ആനിമല്‍ ഹെല്‍ത്ത് സെന്റര്‍ അസി. പ്രൊജക്ട് ഓഫീസര്‍ ഡോ. അനില്‍ സക്കറിയ, മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടര്‍ ഡോ. വിന്നി ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കേന്ദ്ര സംഘാംഗങ്ങളും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഉദ്യോഗസ്ഥ സംഘവും ഏരിയപ്പള്ളി, ഗാന്ധിനഗര്‍ കോളനിയിലെ വാട്ടര്‍ കിയോസ്‌കില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ പ്രദേശവാസികളോട് സംസാരിച്ചു. ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വാട്ടര്‍ കിയോസ്‌കുകളിലൊന്നാണ് ഏരിയപ്പള്ളിയിലുള്ളത്.
കേന്ദ്ര സംഘം പിന്നീട് മുള്ളന്‍കൊല്ലിക്കടുത്ത് വണ്ടിക്കാവ് കോളനിയിലെത്തി. കോളനിനിവാസികള്‍ക്കായി കുഴിച്ച പൊതു കിണര്‍ വറ്റിവരണ്ട് കിടക്കുന്നത് ഉദ്യോഗസ്ഥര്‍ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കോളനിയില്‍ പകരമായി ഏര്‍പ്പെടുത്തിയ ജലവിതരണ സംവിധാനം ഏറെ പ്രയോജനപ്പെടുന്നതായി കോളനി നിവാസികള്‍ കേന്ദ്ര സംഘത്തോട് പറഞ്ഞു. സംഘം പാടിച്ചിറക്കടുത്ത കൊളവള്ളിയിലെ കബനി സന്ദര്‍ശിച്ചു. ജില്ലയിലെ രൂക്ഷമായ വരള്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് അശ്വിനികുമാര്‍ അറിയിച്ചു. സംഘം ഇന്ന് തിരുവനന്തപുരത്തെത്തി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ കാണും.

Latest