ബ്രിട്ടന്‍ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക്

Posted on: April 19, 2017 8:45 am | Last updated: April 18, 2017 at 11:26 pm

ലണ്ടന്‍: യുറോപ്യന്‍ യൂനിയന്‍ വിടുന്നതിനുള്ള സങ്കീര്‍ണമായ ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെ ബ്രിട്ടന്‍ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. പൊതു തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി തെരേസ മെയ് ഇന്ന് പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യും. ജൂണ്‍ എട്ടിന് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിക്കുന്നത്.

ബ്രക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട് പോകുമ്പോള്‍ തന്റെ സര്‍ക്കാറിന്റെ ജനപിന്തുണ ഒന്നു കൂടി തെളിയിക്കപ്പെടണമെന്നും അതിന് തിരഞ്ഞെടുപ്പ് നേരത്തെയാക്കുകയാണ് പോംവഴിയെന്നും തെരേസ മെയ് 10 ഡൗണിംഗ് സ്ട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന രാജ്യത്തിന് സ്ഥിരതയുള്ള സര്‍ക്കാര്‍ അനിവാര്യമാണെന്നും മെയ് പറഞ്ഞു. 2020 വരെ കാലാവധിയുള്ളപ്പോഴാണ് ബ്രിട്ടന്‍ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
കഴിഞ്ഞ ജൂണ്‍ 23ന് നടന്ന ഹിതപരിശോധനയിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ജനങ്ങള്‍ വിധിയെഴുതിയത്. ഇ യുവില്‍ തുടരണമെന്ന് ശക്തമായി വാദിച്ച അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഏറ്റ തിരിച്ചടികൂടിയായിരുന്നു ഹിതപരിശോധനാ ഫലം. ഇതേതുടര്‍ന്നാണ് കാമറൂണ്‍ രാജിവെക്കുകയും തെരേസ മെയ് പ്രധാനമന്ത്രിയാകുകയും ചെയ്തത്. തന്റെ കീഴില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് തെരേസ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബ്രിക്‌സിറ്റിലേക്ക് പോകും മുമ്പ് തന്റെ ഭൂരിപക്ഷം കൂട്ടാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ മെയ് കണക്ക് കൂട്ടുന്നത്.

പ്രതിപക്ഷം വിഭജന തന്ത്രങ്ങള്‍ പയറ്റുകയാണെന്നും ഭരണപക്ഷത്തിന്റെ ഇച്ഛാശക്തിയെ ഇത് ദുര്‍ബലമാക്കുന്നുണ്ടെന്നും മെയ് സര്‍ക്കാറിലെ ഉന്നതര്‍ വിലയിരുത്തുന്നു. ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ പിന്തുണയാര്‍ജിച്ച് പ്രതിപക്ഷത്തിന്റെ വായടപ്പിക്കുകയെന്ന രാഷ്ട്രീയ തന്ത്രത്തിലേക്ക് നീങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്.