മലപ്പുറത്ത് ബിജെപിക്ക് കനത്ത തിരിച്ചടി

Posted on: April 17, 2017 11:09 am | Last updated: April 18, 2017 at 1:31 pm

മലപ്പുറം: നരേന്ദ്രമോദിയുടെ ഭരണനേട്ടം പറഞ്ഞ് മലപ്പുറത്ത് ശക്തിതെളിയിക്കാനിറങ്ങിയ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ മണ്ഡലത്തില്‍ തങ്ങി മുന്‍പെങ്ങുമില്ലാത്തവിധം ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചതെങ്കിലും വോട്ടാക്കി മാറ്റാന്‍ സാധിച്ചിച്ചില്ല. എണ്‍പത് ശതമാനം വോട്ടുകള്‍ എണ്ണിക്കഴിപ്പോള്‍ 57000 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്.

മലപ്പുറത്തെ പ്രകടനം മെച്ചപ്പെടുത്തി അടുത്ത തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താനായിരുന്നു ബിജെപിയുടെ ലക്ഷ്യമെങ്കിലും ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. 2014ല്‍ നേടിയ 64705 വോട്ടുകള്‍(78ശതമാനം) പാര്‍ട്ടിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകമായി. ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് നേടി മണ്ഡലത്തില്‍ ശക്തി തെളിയിക്കണമെന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാര്‍ഥി ശ്രീപ്രകാശിന് വേണ്ടി പാര്‍ട്ടി പ്രചാരണം നയിച്ചത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും, കെ.സുരേന്ദ്രനുമടക്കമുള്ളവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തുപ്രചാരണത്തിനു നേതൃത്വം നല്‍കി. 90000 വോട്ടിന് മുകളില്‍ വോട്ട് ലഭിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ വോട്ടെണ്ണല്‍ ആദ്യ ഘട്ടം പിന്നിട്ടപ്പോള്‍ തന്നെ ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. ബിജെപി മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന്റെ തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലത്തെ വ്യാഖ്യാനിക്കാം.