Connect with us

Kerala

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ ജയം 1,71,038 വോട്ടുകള്‍ക്ക്

Published

|

Last Updated

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് ഉജ്ജ്വല ജയം. 1,71,038 വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം. ഇ അഹമ്മദിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കുകയെന്ന ലക്ഷ്യം മറികടക്കാനായില്ലെങ്കിലും സമ്മോഹനമായ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി പാര്‍ലിമെന്റിലേക്ക് പോകുന്നത്.

തുടക്കം മുതല്‍ തന്നെ വ്യക്തമായ ലീഡ് നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയത്തിലേക്ക് കുതിച്ചത്. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടിയുടെ ലീഡ് വന്‍തോതില്‍ ഉയരുന്നതാണ് കണ്ടത്. ആദ്യ അഞ്ച് മിനുട്ടിനുള്ളില്‍ തന്നെ ലീഡ് 3000 കടന്നിരുന്നു. തുടക്കത്തില്‍ കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും എല്‍ഡിഎഫ് നേരിയ ലീഡ് നേടിയെങ്കിലും വൈകാതെ അവിടെയും കുഞ്ഞാലിക്കുട്ടി ജയിച്ചടക്കി. പെരിന്തല്‍മണ്ണയും മങ്കടയും ഒഴികെ മറ്റു നാല് നിയമസഭാ മണ്ഡലങ്ങളിലും 20,000ന് മുകളില്‍ ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. ജില്ലയില്‍ സിപിഎമ്മിന് സ്വാധീനമുള്ള പെരിന്തല്‍മണ്ണയില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 8527 വോട്ടില്‍ ഒതുങ്ങി. മങ്കടയില്‍ 19262 വോട്ടാണ് ഭൂരിപക്ഷം. സ്വന്തം മണ്ഡലമായ വേങ്ങരയിലാണ് കുഞ്ഞാലിക്കുട്ടിക്ക് എറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. 40529 വോട്ടുകള്‍. മറ്റു മണ്ഡലങ്ങളിലെ ഭൂരിപക്ഷം ഇങ്ങനെ: കൊണ്ടോട്ടി – 25904, മഞ്ചേരി – 22843, മലപ്പുറം – 33281, വള്ളിക്കുന്ന് – 20692.

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ എത്തിയില്ലെങ്കിലും റെക്കോര്‍ഡ് വോട്ട്‌നില കൈവരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. 2014ല്‍ ഇ അഹമ്മദ് 4.37 ലക്ഷം വോട്ടുകള്‍ നേടിയ സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി ഇത്തവണ നേടിയത് 5.15 ലക്ഷം വോട്ടുകളാണ്. എല്‍ഡിഎഫിന്റെ വോട്ടിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. 2014ല്‍ പി കെ സൈനബ 2.42 ലക്ഷം വോട്ടുകള്‍ നേടിയ സ്ഥാനത്ത് എംബി ഫൈസല്‍ നേടിയത് 3.44 ലക്ഷം വോട്ടുകളാണ്.

ഇരുമുന്നണികളും വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ ബിജെപി ജില്ലയില്‍ കനത്ത തിരിച്ചടി നേരിട്ടു. 2014ല്‍ 64,705 വോട്ടുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ അത് 65,662 ആയി ഉയര്‍ത്താനേ സാധിച്ചുള്ളൂ. വെറും 957 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചത്.

മലപ്പുറം ഗവണ്‍മെന്റ് കോളജിലായിരുന്നു വോട്ടെണ്ണല്‍. വിശദമായ ഫലം trend.kerala.gov.in എന്ന വെബ് വിലാസത്തില്‍ ലഭ്യമാണ്. ഉപതിരഞ്ഞെടുപ്പില്‍ 71. 33 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 13,12693 വോട്ടര്‍മാരില്‍ 93,6315 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

Latest