പോലീസ്-ആര്‍ ടി എ മേധാവികളുടെ ഫൂസ്‌ബോള്‍ കളി വൈറലായി

Posted on: April 13, 2017 3:57 pm | Last updated: April 13, 2017 at 3:57 pm
മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയും
മതര്‍ അല്‍ തായറും ഫൂസ്‌ബോള്‍ കളിയില്‍

ദുബൈ: ദുബൈ ഫ്യൂചര്‍ ആക്‌സിലറേറ്റേര്‍സ് പ്രോഗ്രാമിന്റെ സമാപന ചടങ്ങിന്റെ പരിപാടികള്‍ക്കിടെ കിട്ടിയ ഒഴിവുവേളയില്‍ ഉബര്‍ ആപ് കമ്പനി എക്‌സിക്യുട്ടീവുകള്‍ക്കൊപ്പം ഫൂസ്‌ബോള്‍ കളിക്കുന്ന ദുബൈ പോലീസ് മേധാവി’മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുടെയും ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായറിന്റെയും ഫൂസ്‌ബോള്‍ കളി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

വീഡിയോ പകര്‍ത്തിയതാകട്ടെ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ശൈഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകളാണ് കണ്ടത്.
ചൂട് പിടിച്ച ജോലിത്തിരക്കുകള്‍ക്കിടയിലും ദുബൈയിലെ രണ്ട് സുപ്രധാന സംവിധാനങ്ങളുടെ മേധാവിമാര്‍ എത്രത്തോളം കളി ആസ്വദിക്കുന്നുണ്ടെന്ന് അവരുടെ മുഖഭാവങ്ങളില്‍നിന്ന് ദൃശ്യമാണ്.
ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജുമൈറ എമിറേറ്റ്‌സ് ടവേര്‍സില്‍ പുതുതായി തുടങ്ങിയ ഹോട്ടലില്‍ ഇരുന്ന് ദുബൈ നഗരസഭ, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ), ദുബൈ താമസ-കുടിയേറ്റ വകുപ്പ്, ദുബൈ ഹെല്‍ത് അതോറിറ്റി മേധാവികളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോയും ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.