സന്ദീപിന്റെ മരണം; സ്ഥലംമാറ്റപ്പെട്ട എസ് ഐ അവധിയില്‍

Posted on: April 11, 2017 9:45 pm | Last updated: April 11, 2017 at 9:23 pm

കാസര്‍കോട്: ഓട്ടോഡ്രൈവര്‍ ചൗക്കിയിലെ സന്ദീപ് പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ് മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലംമാറ്റപ്പെട്ട എസ് ഐ അവധിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ടൗണ്‍പോലീസ് സ്റ്റേഷനില്‍ നിന്നും എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റപ്പെട്ട എസ് ഐ അജിതാണ് അവധിയില്‍ പോയത്.

പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സന്ദീപ് മരിച്ചതെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് എസ് ഐ അജിതിനെ ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍ സ്ഥലം മാറ്റിയിരുന്നത്.
സന്ദീപിന്റെ മരണത്തിനുത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ കാസര്‍കോട് മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സന്ദീപ് മരണപ്പെട്ടത് പോലീസ് മര്‍ദനമേറ്റല്ലെന്ന് തെളിയിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെ എസ് ഐക്കെതിരായ നടപടി പിന്‍വലിക്കുമെന്നാണ് സൂചന.
അജിതിനോട് വൈകാതെ തന്നെ അവധി റദ്ദാക്കി സ്‌റ്റേഷന്‍ ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മരണം സംബന്ധിച്ച് അന്വേഷിക്കുന്ന എസ് എം എസ് ഡി വൈ എസ് പി ഹരിചന്ദ്രനായക് പറഞ്ഞു.
റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അജിത് എസ് ഐആയി കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ തന്നെ തിരിച്ചെത്തുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.