പാക്കിസ്ഥാനെതിരെ പ്രസ്താവന തയ്യാറാക്കാന്‍ തരൂരിന്റെ സഹായം തേടി കേന്ദ്രം

Posted on: April 11, 2017 8:40 pm | Last updated: April 12, 2017 at 10:19 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ യാദവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന തയ്യാറാക്കാന്‍ മുന്‍ യു എന്‍ പ്രതിനിധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കേന്ദ്രത്തെ സഹായിച്ചു. ലോകസഭയില്‍ പ്രമേയമായി പാസാക്കാനുള്ള പ്രസ്താവന തയ്യാറാക്കാനാണ് തരൂര്‍ സഹായിച്ചത്.

ഇരു സഭകളിലും ജാദേവിന്റെ വധശിക്ഷയുമായിബന്ധപ്പെട്ട് പ്രസ്താവന നടത്തിയതിന് ശേഷം വിദേശകാര്യ മന്ത്രി സുഷമ സ്വാരാജാണ് പ്രസ്താവന തയ്യാറാക്കാന്‍ ശശി തരൂരിന്റെ സഹായം തേടിയത്. കേന്ദ്രം ആവശ്യപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അനുമതിയോടെയാണ് പ്രസ്താവന തയ്യാറാക്കാന്‍ തരൂര്‍ മുന്നിട്ടിറങ്ങിയത്. കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതിയുടെ നടപടിയെ അപലപിക്കാനും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തേടാനുമുള്ളതാണ് പ്രസ്താവന. മുംബൈ ഭീകരാക്രമത്തിന്റെ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിക്കെതിരായ കേന്ദ്ര സര്‍ക്കാറിന്റെ പ്രസ്താവന തയ്യാറാക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മേദി ശശി തരൂരിന്റെ സഹായം തേടിയിരുന്നു.