കേസിന് ബലം കൂട്ടാന്‍ താന്‍ ശങ്കര്‍ സിമെന്റോ ഫെവിക്കോളോ ആണോയെന്ന് തോക്ക് സ്വാമി

Posted on: April 11, 2017 7:01 pm | Last updated: April 11, 2017 at 7:01 pm

തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ തന്നെ പ്രതിയാക്കിയത് കേസിന് ബലം കിട്ടാനെന്ന് തോക്ക് സ്വാമി എന്ന് വിളിക്കപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. കേസിന് ബലം കൂട്ടാന്‍ താന്‍ ശങ്കര്‍ സിമെന്റോ ഫെവിക്കോളോ ആണോയെന്നും ഭദ്രാനന്ദചോദിച്ചു.
പൊലീസിനെതിരെ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കും.ഡിജിപിയെ കാണാനുള്ള അനുമതിക്കായി മേജര്‍ രവി സഹായിച്ചെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭദ്രാനന്ദ.

അനുമിതി കിട്ടിയ ശേഷമാണ് ഡിജിപിയെ കാണാന്‍ ചെന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന മയക്കുമരുന്നു മാഫിയക്കെതിരെ പ്രതികരിച്ചതിനും തീവ്രവാദികള്‍ക്കെതിരെ പ്രവൃത്തിച്ചതിനും തനിക്ക് ഭീഷണിയുണ്ടായിരുന്നു. റൂറല്‍ എസ്പി ഒരു വണ്ടി പൊലീസുമായി സംരക്ഷണം തന്നിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുള്ളതുകൊണ്ടാണത്. എനിക്ക് ഭീഷണിയില്ലെന്ന് പിന്നീട് പറഞ്ഞതോടെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി. മേജര്‍ രവിയുടെ സുഹൃത്താണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഈ സ്വാമി ഒരു പ്രശ്‌നക്കാരനാണല്ലോ എന്ന് മേജര്‍ രവിയോട് ബെഹ്‌റ ചോദിച്ചു. പ്രശ്‌നക്കാരുടെ അടുത്ത് മാത്രമാണ് അയാള്‍ പ്രശ്‌നക്കാരനാകുന്നതെന്ന് മേജര്‍ രവി പറഞ്ഞതോടെ എന്നെ നേരില്‍കാണാനായി ഡിജിപി വിളിച്ചു. അതു പ്രകാരമാണ് ഞാന്‍ അവിടെയെത്തിയത്. ഏഴ് പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ പ്രതികരിക്കുകയായിരുന്നു.
മതസ്പര്‍ധയുണ്ടാക്കി എന്ന് പറഞ്ഞാണ് തനിക്കെതിരെ കേസെടുത്തത്. എന്നെ ജാമ്യത്തില്‍ ഇറക്കിയതും സ്വീകരണം തന്നതും മുസ്ലീമുകളാണ്. ഫെയ്‌സ്ബുക്കില്‍ തനിക്കുള്ളയത്രയും മുസ്ലീം സപ്പോര്‍ട്ട് ഇവിടെ മറ്റൊരു സന്ന്യാസിക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.