Connect with us

Gulf

ഈത്തപ്പന നാരില്‍ നിന്ന് സ്റ്റേഡിയം സീറ്റുകള്‍

Published

|

Last Updated

ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കില്‍ നടന്ന ചലഞ്ച് 22 ആസ്‌ട്രോലാബ്‌സ് ലേണിംഗ് വര്‍ക്‌ഷോപ്പ്‌

ദോഹ: ഖത്വറിലെ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് ഈത്തപ്പനകള്‍ നിരനിരയായി കാണുന്നതില്‍ ഒരു പുതുമയുമുണ്ടാകില്ല. എന്നാല്‍ സ്റ്റേഡിയത്തിനകത്ത് ഈത്തപ്പന താരമായാലോ? സഊദി അറേബ്യയിലെ അല്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള വനിതാ എന്‍ജിനീയര്‍മാര്‍ ഈത്തപ്പനയെ സ്റ്റേഡിയത്തിലെ താരമാക്കാനുള്ള ഗവേഷണത്തിലാണ്. കാണികള്‍ക്കുള്ള സീറ്റില്‍ ഈത്തപ്പന നാരുകള്‍ ഉപയോഗിക്കാമെന്ന നൂതന ആശയമാണ് ഇവര്‍ വികസിപ്പിച്ചത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി)യുടെ നൂതനാശയ
മത്സരമായ ചലഞ്ച് 22ന്റെ സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ഈ പദ്ധതി.

നൂറ അല്‍ റുബൈഖ്, സുഹൈല അല്‍ ഖവാസ്‌കി, നദ ഹബൂദല്‍, അര്‍വ അല്‍ അന്‍ഖരി, നൂറീന്‍ മന്‍ദൂര എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍. അല്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റിയിലൈ ആദ്യ വനിതാ എന്‍ജിനീയറിംഗ് ബിരുദധാരികള്‍ കൂടിയാണ് ഇവര്‍. അറബ് ലോകത്തിന്റെ മുഖമുദ്രയായ ഈത്തപ്പനകളുടെ ശേഷി വ്യവസായിക മേഖലയിലേക്ക് കൊണ്ടുവരികയെന്ന ആശയമാണ് ഇവര്‍ വികസിപ്പിച്ചത്. പാരമ്പര്യത്തെ നൂതനത്വത്തിലേക്ക് ബന്ധിപ്പിച്ചപ്പോള്‍ അത് ഏവരെയും വിസ്മയിപ്പിക്കാന്‍ പോന്നതായി മാറി. ലോകത്തെ 120 മില്യന്‍ ഈത്തപ്പനകളില്‍ 70 ശതമാനവും അറബ് രാഷ്ട്രങ്ങളിലാണെന്ന് ടീം ലീഡറായ നൂറ പറയുന്നു. വര്‍ഷം സഊദിയില്‍ 75000 ടണ്‍ ഈത്തപ്പന മാലിന്യങ്ങളാണുണ്ടാകുന്നത്. ഈത്തപ്പനയുടെ ജൈവസത്ത് ഗുണാത്മകമായി ഉപയോഗിക്കുന്നതിലേക്ക് ചിന്ത പോയി. ഈത്തപ്പന നാരുകളുടെ പ്രത്യേകതകളെ സംബന്ധിച്ച് നിരവധി പ്രാഥമിക പഠനങ്ങള്‍ നടത്തിയതിന് ശേഷം 2015ലാണ് ഈ പദ്ധതി അല്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റിയില്‍ ആരംഭിച്ചത്. ഈത്തപ്പന നാരുകളില്‍ നിന്ന് ഉത്പാദിപ്പിച്ച വസ്തുവിന്റെ സാമ്പിളുകള്‍ പരിശോധിച്ചു. ഉത്പന്നത്തിന്റെ സാധ്യതയും അവസ്ഥയും കൂടുതലറിയാനായിരുന്നു ഇത്. തുടര്‍ന്ന് ലഭിച്ച അനുകൂല ഫലത്തിന്റെ പിന്‍ബലത്തിലാണ് ചലഞ്ച് 22ല്‍ പദ്ധതി സമര്‍പ്പിച്ചത്.

സുസ്ഥിരതയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകം. പി വി സി പോലുള്ള സംസ്‌കരിച്ച പോളിമറുമായി ഈത്തപ്പന മാലിന്യം ചേര്‍ത്ത് സീറ്റ് നിര്‍മിക്കാനുള്ള മാര്‍ഗം ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പോളിമറിന്റെയും ഈത്തപ്പനയുടെയും മാലിന്യം പുനഃചംക്രമണം ചെയ്യാം. സീറ്റുകള്‍ മറ്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുകയുമാകാം. സഊദിയിലെ വാര്‍ഷിക ഈത്തപ്പന മാലിന്യമായ 75000 ടണ്ണിന്റെ ഒന്ന് മുതല്‍ മൂന്ന് വരെ ശതമാനം മാത്രം ഉപയോഗിച്ചാല്‍ നാല്‍പ്പതിനായിരം മുതല്‍ അറുപതിനായിരം വരെ സീറ്റുകള്‍ നിര്‍മിക്കാം. ഒരു ടണ്‍ ഈത്തപ്പന മാലിന്യത്തിന്റെ വില 100- 150 ഡോളര്‍ ആണെങ്കില്‍ തന്നെ ഉത്പാദന ചെലവ് വളരെയധികം കുറക്കാം. ഹ്രസ്വകാല പദ്ധതി പ്രകാരം പേറ്റന്റ് രജിസ്‌ട്രേഷന്‍ ആണ് തങ്ങളുടെ മുന്നിലുള്ളതെന്ന് അല്‍ റുബൈഖ് പറഞ്ഞു. ഖത്വര്‍ ഫിഫ ലോകകപ്പിലും മറ്റ് മേഖലാ പദ്ധതികളിലും തങ്ങളുടെ ആശയവും ഉത്പന്നവും ഉപയോഗിക്കാനുള്ള സാധ്യത തേടുമെന്നും അവര്‍ പറഞ്ഞു.