Connect with us

Gulf

കരിപ്പൂരിനായി ഹൈക്കോടതിയില്‍ കക്ഷി ചേരും: ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

Published

|

Last Updated

ജിദ്ദ: കരിപ്പൂരിന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിഷേധിച്ചതിനെതിരെ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍, ആവശ്യമെങ്കില്‍ നിയമ വശങ്ങള്‍ പരിശോധിച്ച ശേഷം ഹജ്ജ് കമ്മറ്റിയും കക്ഷി ചേരുമെന്ന് കേരളാ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി ജിദ്ദയില്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

ഇക്കൊല്ലം കരിപ്പൂരിന് ഹജ്ജ് സര്‍വ്വീസ് നിഷേധിച്ചത് തികച്ചും നീതികേടാണ്. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ ജനകീയ അവകാശങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കേണ്ടി വരുമെന്നും എന്തു വില കൊടുത്തും ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്കു തന്നെ തിരിച്ചു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിലെ ഹജ്ജ് ഹൗസ് ഭൂമി വിശ്വാസികള്‍ നല്‍കിയ വഖ്ഫ് സ്വത്താണ്. അത് നോക്കുകുത്തിയായിരിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ. കരിപ്പൂരിനായി നടക്കുന്ന മുഴുവന്‍ പോരാട്ടങ്ങളുടേയും കൂടെ നിലകൊള്ളുമെന്നും തൊടിയൂര്‍ പറഞ്ഞു.

ഹാജിമാരുടെ കാര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ ആവശ്യങ്ങള്‍ അടങ്ങുന്ന മെമോറാണ്ടം കേരളാ ഹജ്ജ് കമ്മറ്റി ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ ശൈഖ് നൂര്‍ മുഹമ്മദിന് നല്‍കി. മലയാളി ഹാജിമാരെ ഒരേ കേന്ദ്രങ്ങളില്‍ താമസിപ്പിക്കുക, പാരാമെഡിക്കല്‍ സ്റ്റാഫുകളേയും ഡോക്ടര്‍മാരെയും മലയാളികളേയും നിയമിക്കുക, ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് മെച്ചപ്പെട്ട കെട്ടിട സൗകര്യം ഉറപ്പുവരുത്തുക, കഴിഞ്ഞ വര്‍ഷത്തെ പോലെ ഭക്ഷണത്തിന് നേരിട്ട അസൗകര്യം ഇല്ലാതാക്കുക, മദീനാ യാത്രക്കും മറ്റും പുതിയ ബസുകള്‍ ഏര്‍പ്പാടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ആവശ്യങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഉറപ്പു നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു.
മീറ്റ് ദ പ്രസില്‍ ജിദ്ദ മീഡിയാ ഫോറം പ്രസിഡണ്ട് മായിന്‍കുട്ടിയും സെക്രട്ടറി സാദിഖലി തുവ്വൂരും ഹജ്ജ് കമ്മറ്റി ചെയര്‍മാനൊപ്പം പങ്കെടുത്തു.

 

Latest