Connect with us

Editorial

തിരഞ്ഞെടുപ്പുകളിലെ പണാധിപത്യം

Published

|

Last Updated

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമൊഴുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നാളെ നടക്കേണ്ടിയിരുന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന മണ്ഡലത്തില്‍ വാശിയേറിയ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ശശികല വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ശശികലയുടെ അനന്തരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി ടി വി ദിനകരനും പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായി ഇ മധുസൂദനനുമാണ് രംഗത്തുള്ളത്. ഡി എം കെ സ്ഥാനാര്‍ഥിയായി പ്രാദേശിക നേതാവ് മരുതു ഗണേഷും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറും മത്സരിക്കുന്നുണ്ട്. പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ വിജയം ഇരുവിഭാഗത്തിന്റെയും അഭിമാന പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മണ്ഡലത്തില്‍ വന്‍ തോതിലാണ് പണമൊഴുക്കുന്നത്. ഓരോ വീട്ടിലെയും വോട്ടര്‍മാരുടെ എണ്ണം നോക്കി നിരക്ക് നിശ്ചയിച്ച ശേഷം രഹസ്യമായി സ്ത്രീകളുടെ കൈവശം പണമെത്തിക്കുകയാണത്രെ. ഒരു വോട്ടിന് 2500 രൂപ എന്ന നിലയിലാണ് വിതരണം. ദിനകരന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പണം നല്‍കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മന്ത്രിമാരും എം പിയും വഴി 89 കോടി രൂപ ശശികല പക്ഷം വിതരണം ചെയ്തതായി കണ്ടെത്തി. വോട്ടര്‍മാര്‍ക്ക് പണം എങ്ങനെ നല്‍കണമെന്നത് ഉള്‍പ്പടെയുള്ളതിന്റെ രേഖകളും പണത്തോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
പണം നല്‍കി വോട്ട് വാങ്ങുന്നത് സാധാരണമാണ്. പലരും വിജയിക്കുന്നത് തന്നെ പണത്തിന്റെ ബലത്തിലാണ്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അറവാകുറിച്ചു മണ്ഡലത്തില്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെക്കുകയുണ്ടായി. കഴിഞ്ഞ ജൂണ്‍ 11ന് കര്‍ണാടകയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എം എല്‍ എമാര്‍ പണം ആവശ്യപ്പെടുന്നതിന്റെ ഒളിക്യാമറ രംഗങ്ങള്‍ പുറത്തുവരികയുണ്ടായി. പണത്തിനൊപ്പം മദ്യമൊഴുക്കുന്ന പ്രവണതയും സര്‍വവ്യാപകമാണ്. ആദിവാസി മേഖലകളില്‍ മദ്യമാണ് പലപ്പോഴും ജയപരാജയം നിര്‍ണയിക്കുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കുന്നില്‍ മാത്രം ഒതുങ്ങുന്നില്ല തിരഞ്ഞെടുപ്പിലെ പണത്തിന്റെ സ്വാധീനം. പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്നവരെയും വോട്ടുബാങ്കുകളില്‍ വിള്ളലുണ്ടാക്കുന്ന സ്ഥാനാര്‍ഥികളെയും പണം നല്‍കി പിന്തിരിപ്പിക്കുന്ന സംഭവങ്ങളും ധാരാളം. സ്ഥാനാര്‍ഥിത്വവും മുന്നണി ബന്ധങ്ങളുമെല്ലാം പണത്തിലും പദവി വാഗ്ദാങ്ങളിലുമധിഷ്ഠിതമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച നേതാക്കള്‍ ജനങ്ങളെയും അഴിമതിക്കാരാക്കി മാറ്റുകയാണ് ഇതുവഴി.
രാഷ്ട്രീയ രംഗത്തെ അഴിമതിമുക്തമാക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിനും സ്വാധീനങ്ങളില്‍ നിന്ന് മുക്തമായ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. പക്ഷേ, രാജ്യത്ത് ഇപ്പോള്‍ വിധി നിര്‍ണയിക്കുന്നത് പണമാണ്. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കുന്നതിന് പരിധി നിശ്ചയിക്കുകയും സ്ഥാനാര്‍ഥിയുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണമെന്നു വ്യവസ്ഥ വെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അനുവദനീയമായതിന്റെ എത്രയോ മടങ്ങാണ് വാരിയെറിയുന്നത്. വരവുചിലവ് കണക്കവതരണം ഒരു ചടങ്ങ് മാത്രമായി മാറുന്നു. പണം ഒഴുക്കിയെങ്കിലേ ജയിച്ചു കയാറാനാകൂ എന്നതാണ് അവസ്ഥ. ഇവിടെയാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്നതും അഴിമതിക്ക് കളമൊരുങ്ങുന്നതും. പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലഭിക്കുന്ന വന്‍ സംഭാവനകളുടെ സ്രോതസ്സ് കള്ളപ്പണക്കാരാണ്. ജയിക്കുന്ന സ്ഥാനാര്‍ഥിയും പാര്‍ട്ടിയും ഇതിന് പ്രത്യുകാരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. കള്ളപ്പണക്കാര്‍ നടത്തുന്ന ക്രമക്കേടുകളുടെയും അഴിമതിയുടെയും നേരെ അവര്‍ക്ക് കണ്ണടക്കേണ്ടിവരുന്നു. ലാഭം നേടാനായി ബിസിനസ്സില്‍ ആളുകള്‍ പണമിറക്കുന്ന സ്ഥാനത്താണ് രാഷ്ട്രീയത്തില്‍ കള്ളപ്പണക്കാരും വന്‍കിടക്കാരും പണമിറക്കുന്നത്. അഴിമുക്ത ഭരണമെന്നത് സങ്കല്‍പമായി മാറുന്നതിന്റെ പ്രധാന കാരണമിതാണ്. തിരഞ്ഞെടുപ്പ് പ്രചാരണം അനുവദനീയമായ തുകയില്‍ ഒതുങ്ങുന്നുവെന്ന് ഉറപ്പ് വരുത്തുകയും കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയുമാണ് പരിഹാരം. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് ഗുതുതര കുറ്റകൃത്യമാക്കണമെന്നും ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടികളുടെ അനധികൃത ധനവിനിമയങ്ങളും പെയ്ഡ് ന്യൂസുകളും ഇല്ലാതാക്കമെന്ന വ്യവസ്ഥയും മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിനോ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കോ ഇതിനോട് യോജിപ്പില്ലെന്നതാണ് വസ്തുത. ചട്ടം പാലിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പലര്‍ക്കും നിയമസഭയും പാര്‍ലമെന്റും കാണാന്‍ കഴിയില്ലെന്നതിനാല്‍ അത്തരമൊരു നിയമനിര്‍മാണം തടയാനും പരാജയപ്പെടുത്താനുമുള്ള കരുനീക്കങ്ങളേ അവരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ.

---- facebook comment plugin here -----

Latest