കോടതികള്‍ക്ക് എന്തിനാണ് വേനലവധി?

രണ്ടര ലക്ഷത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഈ നാട്ടിലെ കോടതികള്‍ക്ക് ഇപ്പോഴും അവധിക്കാലമുണ്ട്, സ്‌കൂളുകളിലേതു പോലെ. വാര്‍ഷിക പരീക്ഷ കഴിഞ്ഞ് വീട്ടിലിരുന്ന് അടുത്ത വര്‍ഷത്തേക്കു തയ്യാറെടുക്കുന്ന കുട്ടികളെപ്പോലെ ന്യായാധിപന്മാര്‍ അവധിയെടുത്ത് ഉല്ലാസയാത്രക്കു പോകുന്നു. കോടതികള്‍ക്ക് എന്തിനിത്ര അവധി? ലക്ഷക്കണക്കിന് കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന ഇന്നത്തെ ഗുരുതരാവസ്ഥയില്‍ സുപ്രീം കോടതികളുള്‍പ്പെടെയുള്ള കോടതികള്‍ പ്രതിവര്‍ഷം എഴുപതോ എണ്‍പതോ ദിവസത്തില്‍ക്കൂടുതല്‍ ഒഴിവെടുക്കുന്നതില്‍ ധാര്‍മികതയില്ല. അവധിക്കാലത്തും ജോലി ചെയ്യാന്‍ ന്യായാധിപര്‍ തയ്യാറാകണമെന്ന് ഹൈക്കോടതികള്‍ക്ക് കത്തയച്ചത് മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഠാക്കൂര്‍ ആയിരുന്നു.
Posted on: April 11, 2017 6:16 am | Last updated: April 11, 2017 at 12:18 am

കേരള ഹൈക്കോടതി ദിവസങ്ങള്‍ക്കകം വേനലവധിക്കായി അടയ്ക്കുകയാണ്. ബ്രിട്ടീഷ് കാലത്ത് വെള്ളക്കാരായ ന്യായാധിപന്മാര്‍, ഇന്ത്യയിലെ കൊടുംചൂടില്‍ നിന്ന് അവരുടെ നാട്ടിലേക്ക് രക്ഷപ്പെടാനായി ഉണ്ടാക്കിയതാണ് ഉന്നത കോടതികളുടെ വേനലവധി. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ചിലതെങ്കിലും സ്വാതന്ത്ര്യം നേടി 70 വര്‍ഷം ആകാറായിട്ടും ഇന്ത്യയിലുണ്ട്. കോടതി നടപടികളാണ് പ്രധാന ഉദാഹരണം. രണ്ടര ലക്ഷത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഈ നാട്ടിലെ കോടതികള്‍ക്ക് ഇപ്പോഴും അവധിക്കാലമുണ്ട്, സ്‌കൂളുകളിലേതു പോലെ. വാര്‍ഷിക പരീക്ഷ കഴിഞ്ഞ് വീട്ടിലിരുന്ന് അടുത്ത വര്‍ഷത്തേക്കു തയ്യാറെടുക്കുന്ന കുട്ടികളെപ്പോലെ ന്യായാധിപന്മാര്‍ അവധിയെടുത്ത് ഉല്ലാസയാത്രക്കു പോകുന്നു. കോടതികള്‍ക്ക് എന്തിനിത്ര അവധി? അവധിക്കാലത്തും ജോലി ചെയ്യാന്‍ ന്യായാധിപര്‍ തയ്യാറാകണമെന്ന് ഹൈക്കോടതികള്‍ക്ക് കത്തയച്ചത് മുന്‍ ചീഫ്ജസ്റ്റിസ് ജസ്റ്റിസ് ഠാക്കൂര്‍ ആയിരുന്നു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ അവധിക്കാലങ്ങളില്‍ ജഡ്ജിമാര്‍ തയാറാകണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്.
രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കണമെങ്കില്‍ 70,000-ത്തിലധികം ജഡ്ജിമാരെ പുതിയതായി നിയമിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അഭിപ്രായപ്പെടുകയുണ്ടായി. പുതിയ ജഡ്ജിമാരെ അടിയന്തിരമായി നിയമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യയും ജഡ്ജിമാരുടെ എണ്ണവും തമ്മിലുള്ള കുറഞ്ഞ അനുപാതം ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഠാക്കൂര്‍, നീതിയെന്നത് ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന മൗലികാവകാശമാണെന്നും അത് നിഷേധിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും വിരമിക്കുന്നതിന് മുന്‍പ് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യറിയുടെ ജോലിഭാരത്തിലും കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ കോടതികളെ കുറ്റപ്പെടുത്തുന്നതിലും മനംനൊന്ത് ജസ്റ്റിസ് ഠാക്കൂര്‍ പ്രധാനമന്ത്രിയും ഉന്നത ജഡ്ജിമാരും മുഖ്യമന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ വികാരാധീനനായത് വലിയ സംവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

ഈയവസരത്തില്‍, രാജ്യത്ത് ഓരോ കോടതിയിലും ലക്ഷക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കമ്പോള്‍ എന്തിനാണ് കോടതികള്‍ക്ക് അവധി എന്ന ചിന്തയും ചര്‍ച്ചകളും പ്രസക്തമാണ്. എന്തു കൊണ്ട് ഉന്നത കോടതികള്‍ സ്വന്തം അവധികള്‍ വേണ്ടായെന്ന് വെക്കാത്തത്? അടിമുടി അഴിമതിയില്‍ മുങ്ങിയ ഒരു സമൂഹത്തില്‍ ജുഡീഷ്യറി മാത്രം അതിനൊരു അപവാദമായി നിലനില്‍ക്കുമെന്നും ഒരു ജനതയുടെ അവസാന ശുഭപ്രതീക്ഷയായി തുടരുമെന്നുമുള്ള ധാരണകള്‍ മിഥ്യയാണ്.
ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ എട്ട് ജഡ്ജിമാരുള്ള സുപ്രീം കോടതിയാണ് ഭരണഘടന വിഭാവന ചെയ്തത്. ഇപ്പോള്‍ എണ്ണം 31 ആയി. യു എസ് സുപ്രീം കോടതിയില്‍ അന്നും ഇന്നും ഒമ്പത് ജഡ്ജിമാരാണുള്ളത്. അവര്‍ ഒരുമിച്ചിരുന്ന് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ തീര്‍പ്പാക്കുന്നു. ഇന്ത്യയില്‍ ഭരണഘടനയുടെ വ്യാഖ്യാനം ആവശ്യമായ കേസുകള്‍ അഞ്ചു ജഡ്ജിമാര്‍ ചേര്‍ന്ന ബെഞ്ചാണ് പരിഗണിക്കുന്നത്. നേരത്തെയുള്ള വിധി തിരുത്തണമെങ്കില്‍ കൂടുതല്‍ ജഡ്ജിമാര്‍ ഒരുമിച്ചിരിക്കണം. എന്നാല്‍, അത്തരം ബെഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പകരം ജഡ്ജിമാര്‍ സ്വയം സ്വന്തം സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുന്നു.

തീര്‍ത്താല്‍ തീരാത്ത വ്യവഹാരങ്ങളുടെ പെരുപ്പത്തില്‍ സുപ്രീം കോടതി ഉഴലുകയാണ്. ഭരണഘടനാപരമായ സവിശേഷത നഷ്ടമായ പരമോന്നത കോടതി കേവലം അപ്പീല്‍ കോടതിയായി മാറി. പൊതുപ്രാധാന്യമോ പൊതുതാത്പര്യമോ ഇല്ലാത്ത വിഷയങ്ങള്‍ സുപ്രീം കോടതിയുടെ ഡോക്കറ്റില്‍(വിചാരണക്കുള്ള കേസുകളുടെ പട്ടികയില്‍) കടന്നുകൂടി. ഇതിനു പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന സംവിധാനമാണ് നാഷനല്‍ കോര്‍ട്ട് ഓഫ് അപ്പീല്‍. ഹൈക്കോടതികളില്‍നിന്നുള്ള അപ്പീലുകള്‍ സുപ്രീം കോടതിയിലെത്തിക്കാതെ നാഷനല്‍ കോര്‍ട്ട് ഓഫ് അപ്പീലില്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. പ്രാദേശിക ബെഞ്ചുകള്‍ ഉണ്ടെങ്കില്‍ വ്യവഹാരച്ചെലവ് ഗണ്യമായി കുറയും. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്തുകൊണ്ട് സുപ്രീം കോടതിക്ക് മഹിതാവസ്ഥ വീണ്ടെടുക്കാന്‍ കഴിയും. ഇപ്രകാരം ഒരു ദേശീയ അപ്പീല്‍ കോടതിക്ക് ഭരണഘടനയില്‍ വ്യവസ്ഥയില്ലെങ്കിലും അതേക്കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ്, ദുഃഖവെള്ളി മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിനങ്ങള്‍ കുടുംബത്തോടും കുടുംബത്തില്‍ പെട്ട മുതിര്‍ന്നവരോടുമൊത്ത് കേരളത്തില്‍ ചെലവഴിക്കുന്നതു പതിവായതുകൊണ്ട് പ്രധാനമന്ത്രി സംഘടിപ്പിച്ച കോണ്‍ഫറന്‍സിലും വിരുന്നുസത്കാരത്തിലും പങ്കെടുക്കാന്‍ പറ്റാതെ വന്നതില്‍ ഖേദിക്കുന്നു എന്ന് മലയാളിയായ സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനേയും പ്രധാനമന്ത്രിയേയും എഴുതി അറിയിച്ചു. ‘ഹിന്ദു’ ഉദ്ധരിച്ച കത്തിന്റെ ഭാഗങ്ങളില്‍ ദുഃഖവെള്ളി മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് ‘മതം അനുവദിക്കുന്നില്ല’ എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞതായി കാണാനായില്ല. മതം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നത് പത്രങ്ങളുടെ വ്യാഖ്യാനം മാത്രമായിരിക്കാനാണു വഴി. എങ്കിലും കോടതികള്‍ ദീര്‍ഘ അവധിക്കു പോകുമ്പോള്‍ ഈ സംഭവം ഓര്‍മയില്‍ വരുന്നു. കോടതികളുടെ പ്രവര്‍ത്തനത്തിനു തടസ്സം വരാതിരിക്കാന്‍ വേണ്ടിയാണ് ദേശീയ അവധിദിനങ്ങളില്‍ കോണ്‍ഫറന്‍സ് നടത്താന്‍ നിശ്ചയിച്ചതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു ജസ്റ്റീസ് കുര്യന്‍ ജോസഫിനു മറുപടി കൊടുത്തു. സ്വാതന്ത്ര്യദിനം, വാല്‍മീകിദിനം എന്നീ ദേശീയ ഒഴിവുദിനങ്ങളില്‍ മുമ്പ് ഇത്തരം ഔദ്യോഗിക ചടങ്ങുകള്‍ നടത്തിയ കാര്യവും ചീഫ് ജസ്റ്റിസ് കത്തില്‍ ചൂണ്ടിക്കാട്ടി. (വാല്‍മീകിദിനം ദേശീയ ഒഴിവുദിനമായി ഇതുവരെ കണ്ടിട്ടില്ല.) സ്ഥാപനത്തിന്റെ താത്പര്യങ്ങള്‍ക്ക് വ്യക്തിതാത്പര്യത്തേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് ഉപദേശിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ട് മുതല്‍ ഏഴു വരെയുള്ള ഒരാഴ്ച മുഴുവന്‍ സുപ്രീം കോടതിക്ക് ‘ഹോളി’ ഒഴിവായിരുന്നു. ഹോളിയാഘോഷിക്കാന്‍ ഒരു ദിവസത്തെ അവധിയെടുക്കുന്നതു മനസ്സിലാക്കാം. പക്ഷേ ഹോളിക്ക് ഒരാഴ്ച അവധി എന്തിനെന്നു മനസ്സിലാകുന്നില്ല. ദസറ, മുഹറം എന്നിവക്കായി ഒക്ടോബറിലും ദീപാവലിക്കായി നവംബറിലും കോടതി ഓരോ ആഴ്ച അവധിയെടുക്കുന്നു. തീര്‍ന്നില്ല. ക്രിസ്മസ്, ന്യൂഇയര്‍ എന്നിവക്കായി ഡിസംബര്‍ പതിനേഴു മുതല്‍ ജനുവരി ഒന്നു വരെ തുടര്‍ച്ചയായി 16 ദിവസം കോടതിക്ക് ഒഴിവാണ്. ഇപ്പറഞ്ഞവയേക്കാളെല്ലാം വലുത് മധ്യവേനലവധിയാണ്. മെയ് 18 മുതല്‍ ജൂണ്‍ 30 വരെ. നീണ്ട 44 ദിവസം.

ഞായറാഴ്ചകള്‍ കൂടി കണക്കിലെടുത്താല്‍ 2015ല്‍ സുപ്രീം കോടതിക്ക് ആകെ 140 ഒഴിവുദിവസമെന്നു കരുതാം. 365 ദിവസമുള്ള 2015ല്‍ സുപ്രീം കോടതി 225 ദിവസം മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. ഇന്ത്യയിലെ സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിദിനങ്ങളും ഞായറാഴ്ചകളുമുള്‍പ്പെടെ ആകെ 85 ഒഴിവുദിവസങ്ങള്‍ ഒരു വര്‍ഷത്തില്‍ കിട്ടുന്നു. ആ സ്ഥാനത്ത് സുപ്രീം കോടതിക്ക് 140 അവധിദിനങ്ങള്‍. ഇത്ര നീണ്ട അവധിദിനങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്തെ പതിവുകളുടെ തുടര്‍ച്ചയായിരിക്കാം. ജനതയോട് പ്രതിബദ്ധതയില്ലാത്ത വിദേശികളായിരുന്നു അന്നു നമ്മെ ഭരിച്ചിരുന്നത്. ഇന്നു ജനതയെ ഭരിക്കുന്നത് നാട്ടുകാരോട് പ്രതിബദ്ധതയുള്ളവര്‍ തന്നെ. എന്നാല്‍ ഈ നീണ്ട അവധികള്‍ ആ പ്രതിബദ്ധതയുടെ അടയാളമല്ല.

കഴിഞ്ഞ ജൂലായ് വരെ സുപ്രീം കോടതിയുടെ മധ്യവേനലവധി 70 ദിവസം പത്താഴ്ച ആയിരുന്നു. അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ആര്‍ എം ലോധ സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ നടത്തി. സുപ്രീം കോടതി ഒരു വര്‍ഷത്തില്‍ ആകെ 193 ദിവസം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്നായിരുന്നു നിരീക്ഷണങ്ങളിലൊന്ന്. എന്നു വച്ചാല്‍ കഷ്ടി ആറര മാസം. ശേഷിക്കുന്ന അഞ്ചര മാസം സുപ്രീം കോടതി അവധിയാഘോഷിക്കുന്നു. ഹൈക്കോടതികള്‍ 210 ദിവസവും വിചാരണക്കോടതികള്‍ 245 ദിവസവും മാത്രമേ പ്രവര്‍ത്തിയ്ക്കുന്നുള്ളു എന്നും അദ്ദേഹം നിരീക്ഷിച്ചു. നിരീക്ഷിക്കുക മാത്രമല്ല, ചീഫ് ജസ്റ്റീസ് ലോധ ചെയ്തത്. സുപ്രീം കോടതിയുടെ മധ്യവേനലവധി പത്താഴ്ചയില്‍ നിന്ന് ഏഴാഴ്ചയായി കുറക്കുകയും ചെയ്തു. മറ്റൊരു കാര്യം കൂടി അദ്ദേഹം ചെയ്തു. വെക്കേഷനുകള്‍ ഒഴിവാക്കി, വര്‍ഷം മുഴുവന്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നതേപ്പറ്റി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ അഭിപ്രായം ആരാഞ്ഞു. വിവിധ ദിശകളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നതോടെ അദ്ദേഹം തുടര്‍നടപടികളെടുത്തില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നാം തീയതി സുപ്രീം കോടതിയില്‍ മാത്രമായി 61,300 കേസുകള്‍ കെട്ടിക്കിടന്നിരുന്നെന്ന് സുപ്രീം കോടതിയുടെ തന്നെ വെബ്‌സൈറ്റ് കാണിക്കുന്നു. 28 ജസ്റ്റീസുമാരുണ്ട് സുപ്രീം കോടതിയില്‍. സുപ്രീം കോടതി ജസ്റ്റിസുമാര്‍ സാധാരണയായി രണ്ടോ മൂന്നോ പേരടങ്ങുന്ന ‘ബെഞ്ചു’കളായാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ചിലപ്പോള്‍ അഞ്ചു പേരടങ്ങുന്ന ബെഞ്ചുകളുമുണ്ടാകാം; ഭരണഘടനാബെഞ്ച് ഇത്തരത്തിലുള്ളതായിരിക്കും.
എങ്കിലും തത്കാലത്തേക്ക് രണ്ടു പേര്‍ വീതമുള്ള ബെഞ്ചുകളാണ് 6,1300 കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നു സങ്കല്‍പിക്കുക. അങ്ങനെയെങ്കില്‍ ആകെ ബെഞ്ചുകള്‍ 14. ഓരോ ബെഞ്ചും കൈകാര്യം ചെയ്യേണ്ടത് 4378 കേസുകള്‍. അതായത്, സുപ്രീം കോടതിയിലെ ഓരോ ജസ്റ്റിസും 4378 കേസുകള്‍ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. പത്തു ദിവസം കൊണ്ട് ഓരോ കേസിലും തീര്‍പ്പു കല്‍പിക്കുന്നു എന്ന് കരുതുക. 220 പ്രവൃത്തിദിവസങ്ങള്‍ മാത്രമുള്ള ഒരു വര്‍ഷം ഈ തോതില്‍ 22 കേസുകള്‍ മാത്രമാണ് ഒരു സുപ്രീം കോടതി ജസ്റ്റിസിനു തീര്‍പ്പ് കല്‍പിക്കാനാകുക. എന്നുവച്ചാല്‍, 4378 കേസുകള്‍ തീര്‍ക്കാന്‍ ഒരു ജസ്റ്റീസിന് 199 വര്‍ഷം വേണ്ടിവരും. പത്തു ദിവസം കൊണ്ട് ഒരു കേസില്‍ വിധി പറയാനാകുമോ എന്ന ചോദ്യത്തിലേക്കു കടക്കുന്നില്ല.
സുപ്രീം കോടതിയിലെ സ്ഥിതി ഇതാണെങ്കില്‍, മറ്റു കോടതികളിലേത് ഇതിലേറെ ഗുരുതരമാണ്. ഡിസംബര്‍ മാസത്തെ ഒരു പത്രറിപ്പോര്‍ട്ടനുസരിച്ച് നാല്പത്തിനാലര ലക്ഷം കേസുകളാണ് രാജ്യത്തെ 24 ഹൈക്കോടതികളില്‍ കെട്ടിക്കിടന്നിരുന്നത്. കീഴ്‌ക്കോടതികളില്‍ കെട്ടിക്കിടന്നിരുന്നത് രണ്ടരക്കോടിയും. എല്ലാ കോടതികളിലുമായി മൂന്നു കോടി കേസുകള്‍. ഇവയില്‍ വലിയൊരു ശതമാനം ക്രിമിനല്‍ കേസുകളുമായിരുന്നു. 61,300 കേസുകള്‍ കെട്ടിക്കിടക്കുന്ന സുപ്രീം കോടതി 140 ദിവസം ഒഴിവെടുക്കുന്നു. നാല്‍പത്തിനാലര ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്ന ഹൈക്കോടതികള്‍ അഞ്ചു മാസത്തോളം (150 ദിവസം) ഒഴിവെടുക്കുന്നു. പത്രവാര്‍ത്തയാണിത്; ചില കോടതികളിലെ ഒഴിവുദിനങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകാം.

‘ദി ടൈംസി’ലെ കാര്‍ട്ടൂണിസ്റ്റായിരുന്ന ഫ്രാങ്ക് ടൈഗര്‍ പറഞ്ഞത് ഇവിടെ ഓര്‍ത്തു പോകുന്നു: ‘When you like your work, everyday is a holiday. നാമാസ്വദിക്കുന്നൊരു ജോലി ചെയ്യുമ്പോള്‍ നമുക്ക് ഒഴിവിന്റെ ആവശ്യം തോന്നുകയില്ല.

ജോലിക്കൂടുതലുണ്ടെങ്കില്‍ ഒഴിവു ദിവസങ്ങളിലും പ്രത്യേക പ്രതിഫലമൊന്നുമില്ലാതെ തന്നെ ഓഫീസില്‍ പോയി ജോലി ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരെ എനിക്കു നേരിട്ടറിയാം. ലക്ഷക്കണക്കിന് കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന ഇന്നത്തെ ഗുരുതരാവസ്ഥയില്‍ സുപ്രീം കോടതികളുള്‍പ്പെടെയുള്ള കോടതികള്‍ പ്രതിവര്‍ഷം എഴുപതോ എണ്‍പതോ ദിവസത്തില്‍ക്കൂടുതല്‍ ഒഴിവെടുക്കുന്നതില്‍ ധാര്‍മികതയില്ല. എന്തിനും ഏതിനും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമുയരുന്ന നമ്മുടെ രാജ്യത്ത് ഇക്കാര്യത്തെപ്പറ്റി മിക്കവരും നിശ്ശബ്ദത പാലിക്കുന്നതാണതിശയം.
‘ഭയവും പക്ഷപാതവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഒരു ജഡ്ജിക്കു ധൈര്യം നല്‍കുന്നത് ഭരണഘടനയാണ്’ എന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഒരു പെറ്റിഷന്‍ പരിഗണിക്കുമ്പോള്‍ പ്രഖ്യാപിച്ചിരുന്നു. ഒഴിവുദിനങ്ങള്‍ കുറക്കുകയും പ്രവൃത്തിദിനങ്ങള്‍ കൂട്ടുകയും ചെയ്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ക്കാനുള്ള ആവേശവും ഭരണഘടനയില്‍ നിന്ന് ജസ്റ്റിസുമാര്‍ക്കു കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ്.