Connect with us

National

സിന്ധു നദീജല കരാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നദീജലം പങ്കുവെക്കുന്നതിന് 1960ല്‍ ഒപ്പുവെച്ച കരാറാണിതെന്നും ഇക്കാലമത്രയും ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായ ഈ കരാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹരജിയുമായി പരമോന്നത കോടതിയില്‍ എത്തിയത്.

എന്നാല്‍, പൊതു താത്പര്യ ഹരജി തള്ളി എന്നതുകൊണ്ട് കോടതി ആരെയും ഇകഴ്ത്തുന്നുവെന്നോ തള്ളിക്കളയുന്നുവെന്നോ അര്‍ഥമില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവര്‍കൂടി അടങ്ങിയ ബഞ്ച് വ്യക്തമാക്കി. ഇന്തോ- പാക് കരാര്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഈ പൊതു താത്പര്യ ഹരജി തള്ളിയത് അതിന് തടസ്സമാകില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് അഡ്വ. ശര്‍മ ആവശ്യപ്പെട്ടപ്പോഴായിരുന്നു ബഞ്ചിന്റെ അധിക പരാമര്‍ശം.
സിന്ധു നദീജല കരാര്‍ (ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി പാക്ട്) രാഷ്ട്രപതിയുടെ പേരിലല്ല ഒപ്പുവെച്ചത് എന്നതിനാല്‍ അതിനെ അന്തര്‍ദേശീയ കരാറായി കാണാനാകില്ലെന്ന് ഹരജിക്കാര്‍ വാദിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, ലോക ബേങ്ക് എന്നിവ ഉള്‍കപ്പെട്ട ത്രികക്ഷി കരാറാണ് ഇത്. അന്നത്തെ പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്‌റു, പാക് പ്രസിഡന്റ് അയ്യൂബ് ഖാന്‍, ലോക ബേങ്കിന് വേണ്ടി ഡബ്ല്യൂ എ ബി ഇലിഫ് എന്നിവരാണ് കരാറില്‍ ഒപ്പു വെച്ചത്. 1960 സെപ്തംബര്‍ 19ന് ഒപ്പുവെച്ച കരാര്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 77 എല്ലാ എക്‌സിക്യൂട്ടീവ് നടപടികളും പ്രസിഡന്റിന്റെ പേരിലായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുവെന്നും വാദമുയര്‍ന്നു. എന്നാല്‍, ഈ വിഷയങ്ങള്‍ ബഞ്ച് വിശദമായി പരിശോധിച്ചുവെന്നും ഹരജിക്കാരന്റെ വാദം നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
പൊതുതാത്പര്യ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു. രാഷ്ട്രീയപ്രേരിതമായ ഇത്തരം ഹരജികള്‍ക്ക് ഒരു അടിയന്തിര പ്രാധാന്യവുമില്ലെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്.