Connect with us

Kasargod

ഹര്‍ത്താല്‍ അക്രമം; അഞ്ച് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

കാസര്‍കോട്: ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ ആക്രമിച്ച കേസില്‍ മൂന്നുപ്രതികളെയും റോഡ് ഗതാഗതം തടസപ്പെടുത്തിയതിന് രണ്ട് പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്.
സി ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളായ മന്നിപ്പാടി ആര്‍ ഡി നഗറിലെ രാഘവേന്ദ്ര(36), കുഡ്‌ലുവിലെ ജയന്തകുമാര്‍(36), വിവേകാനന്ദ നഗറിലെ കെ രാജേഷ്(32) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ബി ജെ പി ഹര്‍ത്താലിനിടെ കുഡ്‌ലു വിവേകാനന്ദ നഗറില്‍ റോഡ് ഗതാഗതം തടസപ്പെടുത്തുന്ന വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്. റോഡില്‍ നിരത്തിയിരുന്ന കല്ലുകള്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എടുത്തുമാറ്റുമ്പോഴാണ് കല്ലേറുണ്ടായത്. കല്ലേറില്‍ സി ഐയുടെ കയ്യെല്ല് പൊട്ടിയിരുന്നു.
ഹര്‍ത്താല്‍ദിനത്തില്‍ റോഡ് തടസപ്പെടുത്തിയ കേസില്‍ പ്രതികളായ കുഡ്‌ലു ഗുഡ്ഡെ ടെമ്പിള്‍റോഡിലെ ചന്ദ്രശേഖര്‍ ആള്‍വ(38), അടുക്കത്ത് ബയലിലെ സന്തോഷ് എന്ന സന്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

Latest