അല്‍ ബെയ്ത് സ്റ്റേഡിയത്തിന്റെ ചട്ടക്കൂട് നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായി

Posted on: April 10, 2017 9:15 pm | Last updated: April 10, 2017 at 9:01 pm

ദോഹ: അല്‍ ഖോര്‍ സിറ്റിയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിന്റെ ചട്ടക്കൂട് നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായി. ഫിഫ ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങളാണ് ഇവിടെ നടക്കുക. സ്ട്രക്ചര്‍ 40 ശതമാനം പൂര്‍ത്തിയായതിന് പുറമെ ചുറ്റുമുള്ള നിര്‍മാണം 25 ശതമാനവും കഴിഞ്ഞതായി അല്‍ ബെയ്ത് സ്റ്റേഡിയം അസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. നാസര്‍ അല്‍ ഹജ്‌രി പറഞ്ഞു.

മുന്‍നിശ്ചയിച്ച സമയക്രമം അനുസരിച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്. പ്രദേശവാസികള്‍ക്കുള്ള സൗകര്യങ്ങളും ഹരിതാഭമാര്‍ന്ന പ്രദേശങ്ങളുമാണ് സ്റ്റേഡിയത്തിന്റെ ചുറ്റുമുണ്ടാകുക. നിലവില്‍ 3000 നിര്‍മാണ തൊഴിലാളികളാണ് ഇവിടെ ജോലിയെടുക്കുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ലോകകപ്പിന് ശേഷം പ്രദേശവാസികള്‍ക്ക് മികച്ച ഉല്ലാസ കേന്ദ്രമാകുന്ന തരത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. സ്റ്റേഡിയത്തിന്റെ അടുത്ത രണ്ട് നിലകളെയും താങ്ങുന്ന മതില്‍ സ്ഥാപിച്ചിട്ടുണ്ട്. ഉള്ളിലേക്ക് മടിക്കിവെക്കാവുന്ന മേല്‍ക്കൂരയെ പ്രധാനമായും താങ്ങിനിര്‍ത്തുന്നത് ഈ മതില്‍ ആയിരിക്കും. അറേബ്യന്‍ തമ്പ് മാതൃകയിലാണ് അല്‍ ബെയ്ത് സ്റ്റേഡിയം നിര്‍മിക്കുന്നത്. അതിനാലാണ് മടക്കിവെക്കാവുന്ന മേല്‍ക്കൂര സ്ഥാപിക്കുന്നത്. 20 മിനുട്ട് കൊണ്ട് മടക്കിവെക്കാവുന്നതാണിത്. സ്റ്റേഡിയത്തിന്റെ മൊത്തം ഉയരം 37 മീറ്റര്‍ ആയിരിക്കും. സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്ത് 2500 സീറ്റുകളുടെ ചട്ടക്കൂട് സ്ഥാപിക്കുന്ന ജോലിയും തുടങ്ങിയിട്ടുണ്ടെന്ന് അല്‍ ബെയ്ത് സ്റ്റേഡിയത്തിന്റെ എസ് സി പ്രോജക്ട് മാനേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് അഹ്മദ് പറഞ്ഞു.

അറുപതിനായിരം സീറ്റാണ് ലോകകപ്പ് സമയത്ത് സ്റ്റേഡിയത്തിലുണ്ടാകുക. ലോകകപ്പിന് ശേഷം ഇത് 32000 ആക്കി കുറക്കും. സീറ്റുകള്‍ക്കുള്ള സ്റ്റീല്‍ സ്ട്രക്ചര്‍ ജര്‍മനിയിലാണ് രൂപകല്പന ചെയ്തത്. നിര്‍മിച്ചത് ഇറ്റലിയിലും. സീറ്റുകള്‍ രൂപകല്പന ചെയ്യുന്നതും നിര്‍മിക്കുന്നതും ഖത്വറിലാണ്. സീറ്റുകളുടെ നിര്‍മാണം കഴിഞ്ഞ ദിവസം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. മുകള്‍ഭാഗങ്ങളിലുള്ള സീറ്റിംഗ് കായിക പശ്ചാത്ത സൗകര്യം വിപുലപ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് സംഭാവനയായി നല്‍കും. സ്റ്റേഡിയത്തിന്റെ മുകള്‍ഭാഗം ഹോട്ടലാക്കി മാറ്റും. ഒരു ഷോപ്പിംഗ് സെന്ററും അസ്പിറ്ററിന്റെ ബ്രാഞ്ചും ഇവിടെയുണ്ടാകും. സ്റ്റേഡിയത്തിന്റെ ചുറ്റിലും പാര്‍ക്കും ഹരിതാഭയുമാണ് ഉണ്ടാകുക. പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഉല്ലാസത്തിനുള്ള പ്രധാന കേന്ദ്രമായി ഇത് മാറും.