Connect with us

National

ചികിത്സ വിജയകരമാകുമെന്ന് ഉറപ്പ് നല്‍കാന്‍ ഡോക്ടര്‍ക്കാവില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി: ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചുവെന്ന കേസില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഡോക്ടറെ സുപ്രിം കോടതി കുറ്റവിമുക്തനാക്കി. മഹാരാഷ്ട്ര സ്വദേശിയായ ഡോക്ടറെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചത്. ചികിത്സാ പിഴവ് പോലെയുള്ള കേസുകളില്‍ ഡോക്ടര്‍മാര്‍ക്ക് എതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. ഡോക്ടര്‍ക്ക് എതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ വിധി തള്ളിയാണ് സുപ്രിം കോടതിയുടെ നിര്‍ണായക തീരുമാനം.

ചികിത്സയുടെ ഫലം പോസിറ്റീവാകുമെന്ന് ഉറപ്പ് നല്‍കാന്‍ ഒരു ഡോക്ടര്‍ക്കും സാധ്യമല്ലെന്ന് ജസ്റ്റിസുമാരായ എം ബി ലോകുര്‍, ദീപക് മിശ്ര എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ഒരു പ്രൊഫഷണല്‍ എന്ന നിലക്ക് തനിക്ക് വിദഗ്ധ യോഗ്യതയുണ്ടെന്ന് മാത്രമേ ഒരു ഡോക്ടര്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുകയുള്ളൂ. തന്നില്‍ അര്‍പ്പിതമായ ജോലി വിവേകപൂര്‍വം നിര്‍വഹിക്കുക എന്നത് മാത്രമാണ് ഒരു ഡോക്ടര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതെന്നും പരമോന്നത കോടതി വ്യക്തമാക്കി.

1997 ആഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. അന്ന് രാത്രി വാഹനാപകടത്തില്‍ പരുക്ക് പറ്റിയ യുവാവിനെ അമരാവതിയിലെ ഇര്‍വിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയിലെ വിസിറ്റിംഗ് സര്‍ജനായ വനിതാ ഡോക്ടറെ ആശുപത്രി അധികൃതര്‍ വിളിപ്പിക്കുകയും അവര്‍ രോഗിയെ പരിശോധിക്കുകയും ചെയ്തു. ശേഷം രോഗിയെ ഒരു ഫിസിഷ്യനെ കാണിക്കണമെന്ന് നിര്‍ദേശിച്ച് രാത്രി 11 മണിയോടെ, ഫിസിഷ്യന്‍ വരുന്നതിന് മുമ്പ് തന്നെ സര്‍ജന്‍ ആശുപത്രി വിട്ടു. എന്നാല്‍ രക്തം കട്ടപിടിക്കാത്ത ഹീമോഫീലിയ രോഗബാധിതനായ യുവാവ് അടുത്ത ദിവസം മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഈ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തുകയും സര്‍ജന്‍ ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ജനെ ആശുപത്രി ചുമതലയില്‍ നിന്ന് പൂര്‍ണമായി നീക്കിയിരുന്നു. ഇതോടെ തനിക്കെതിരായ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഡോക്ടറുടെ ആവശ്യം തള്ളിയ ഹൈക്കോടതി ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ഫിസിഷ്യന്‍ വരുന്നത് വരെ കാത്തിരിക്കാതെ ഡോക്ടര്‍ ആശുപത്രി വിട്ടത് തെറ്റാണെന്ന് ബോംബെ ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതും സുപ്രിം കോടതി തള്ളി. ഡോക്ടര്‍ രോഗിയെ പരിശോധിച്ചുവെന്നും എന്നാല്‍ രോഗിക്ക് രക്തസ്രാവം ഉള്ളതായി കണ്ടെത്തിയിരുന്നില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മറ്റൊരു ഡോക്ടര്‍ക്ക് കേസ് റഫര്‍ ചെയ്ത് ആശുപത്രി വിട്ടത് തെറ്റായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരു ഡോക്ടര്‍ വരുമെന്ന പ്രതീക്ഷയിലാണ് അവര്‍ ആശുപത്രി വിട്ടത്. ഇതിനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 304 എ വകുപ്പ് പ്രകാരമുള്ള ചികിത്സാ പിഴവായി കാണാനാകില്ലെന്നും മറിച്ച് ഇതൊരു “തീരുമാനത്തിലെ പിഴവ്” മാത്രമാണെന്നും കോടതി വ്യക്തമാക്കി.