ദുബൈ മാളിലെ ആപ്പിള്‍ സ്റ്റോര്‍ ലോകത്തിലെ ഏറ്റവും വലുതാകുമെന്ന്

Posted on: April 5, 2017 5:12 pm | Last updated: April 5, 2017 at 4:45 pm

ദുബൈ: ആപ്പിള്‍ സ്റ്റോര്‍ ഇനി ദുബൈ മാളിലും. ഇരു നിലകളിലായി ഒരുക്കിയ സ്റ്റോര്‍ മേഖലയിലെ തന്നെ ഏറ്റവും വലുതാണ്. മാളിലെ അതിപ്രധാനമായ ഭാഗത്തായാണ് സ്റ്റോര്‍ ഒരുക്കിയിട്ടുള്ളത്. സ്റ്റോറിന്റെ ഇരു നിലകളില്‍ നിന്നും ബുര്‍ജ് ഖലീഫയുടെ ആകാര ഭംഗിയും ദുബൈ ഫൗണ്ടൈന്‍ ജലധാരയുടെ ആകര്‍ഷണീയതയും സ്റ്റോറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

അതേസമയം, പുതിയ സ്‌റ്റോറിന്റെ പ്രവര്‍ത്തനം എന്ന് മുതല്‍ തുടങ്ങുമെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പുതിയ സ്റ്റോര്‍ ക്രിയാത്മക രൂപകല്‍പനകള്‍ ഒരുക്കുന്നവരുടെ ഇഷ്ടകേന്ദ്രമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ദൃശ്യാവിഷ്‌കാര രൂപകല്‍പനകള്‍ ഒരുക്കുന്നതിന് സഹായകമാകുന്ന സംരംഭങ്ങള്‍ സ്റ്റോറിനൊപ്പം അധികൃതര്‍ ഒരുക്കുന്നുണ്ട്. യു എ ഇയില്‍ മികച്ച തൊഴില്‍ സാധ്യതയുടെ കവാടങ്ങള്‍ തുറന്നുകൊണ്ട് ആപ്പിള്‍ അധികൃതര്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റോര്‍ മാനേജര്‍, ഇന്‍വെന്ററി സ്‌പെഷ്യലിസ്റ്റ്, ബിസിനസ് മാനേജര്‍ എന്നിവരുടെ തസ്തിക അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും മാള്‍ ഓഫ് ദി എമിറേറ്റ്‌സിലും ആപ്പിള്‍ സ്റ്റോര്‍ തുടങ്ങിയിരുന്നു. ദുബൈ മാളില്‍ പുതുതായി ആരംഭിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ആപ്പിള്‍ സ്റ്റോറായിരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.