കുവൈത്ത് പാക്കിസ്ഥാനികള്‍ക്കുള്ള വിസാ വിലക്ക് നീക്കുന്നു

Posted on: April 5, 2017 1:59 pm | Last updated: April 5, 2017 at 1:59 pm

കുവൈത്ത് സിറ്റി: ഏതാനും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന റിക്രൂട്ടിങ് വിലക്ക് അവസാനിപ്പിച്ച് പാകിസ്ഥാനില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരാന്‍ കുവൈത്ത് ആലോചിക്കുന്നതായി കുവൈത്ത് തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് വെളിപ്പെടുത്തി.
പാക് സര്‍ക്കാറിെന്റ നിരന്തര ആവശ്യപ്രകാരം മെഡിക്കല്‍, എന്‍ജിനീയറിങ് മേഖലകളില്‍ നിപുണരായവരെ മാത്രം റിക്രൂട്ട് ചെയ്യാനാണ് ധാരണ. ഇതുസംബന്ധിച്ച നിയമ സുരക്ഷാ നടപടികള്‍ പുരോഗമിച്ചുവരുകയാണെന്നും വൈകാതെ യോഗ്യരായ പാക് ഉദ്യോഗാര്‍ഥികള്‍ കുവൈത്തിലെത്തുമെന്നും ഹിന്ദ് അസ്സബീഹ് സൂചിപ്പിച്ചു.

സുരക്ഷാ ഭീഷണിയുള്ള രാജ്യങ്ങളുടെ ഗണത്തില്‍പ്പെടുത്തി പാകിസ്താനില്‍നിന്നുള്ള പൊതു റിക്രൂട്ട്‌മെന്റ് കുവൈത്ത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സിറിയ, ഇറാഖ്, ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍ എന്നീ രാഷ്ട്രക്കാര്‍ക്കാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നും കുവൈത്ത് വ്യക്തമാക്കിയിരുന്നു.

അടുത്തിടെ കുവൈത്ത് സന്ദര്‍ശിച്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫിെന്റ ഇടപെടലാണ് പുതിയ തീരുമാനത്തിന് സഹായകമായത് . പാകിസ്താന്‍, ഇറാഖ് എന്നീ രാജ്യക്കാര്‍ക്ക് ഇടക്കാലത്ത് നിയന്ത്രങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിരുന്നു. പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പൗരന്മാര്‍ കുവൈത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഇവിടെ ജോലി ചെയ്യുന്നതിനോ നാട്ടില്‍പോയി തിരിച്ചുവരുന്നതിനോ പ്രശ്‌നങ്ങളൊന്നുമില്ല. പൊതു റിക്രൂട്ട്‌മെന്റിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ മയപ്പെടുത്തുന്നത്.