നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും

Posted on: April 5, 2017 12:16 pm | Last updated: April 5, 2017 at 4:20 pm

കോഴിക്കോട്: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ പൊലീസിന്റെ ക്രൂരമായ ആക്രമണത്തിനെതിരെ സംവിധായകന്‍ ജോയ് മാത്യു രംഗത്ത്. ഇരുപത് മിനിറ്റോളം നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കിടെയാണ് പൊലീസ് കൈക്കരുത്ത് കാട്ടി പ്രതിഷേധ സമരത്തിനെത്തിയവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനെതിരെ ശക്തമായിപ്രതിഷേദിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

സംവിധായകന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

അടിയന്തിരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണംവരെ പോരാടി.രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്ക് വെച്ച്
അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു .
തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും.
ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ് .
#Justiceforjishnu