Connect with us

Malappuram

മങ്കടയില്‍ ജനങ്ങളുടെ പരാതികള്‍ അറിഞ്ഞ് ഫൈസല്‍

Published

|

Last Updated

മലപ്പുറം: “നിങ്ങളുടെ സുഖ ദുഃഖങ്ങളില്‍ പങ്കാളിയായി നേട്ടങ്ങളിലും വീഴ്ചകളിലും ഞാനുണ്ടാകും, ഒരു കുടുംബാംഗത്തേപ്പോലെ.” മങ്കട ഓണപ്പുടയിലെ സ്വീകരണ ചടങ്ങില്‍ ഹൃദയംതുറന്ന് അഡ്വ. എം ബി ഫൈസലിന്റെ വാക്കുകള്‍.

സ്‌നേഹമന്ത്രം പോലെ അതേറ്റുവാങ്ങുകയാണ് മലപ്പുറത്തെ സമ്മതിദായകര്‍. ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിക്കേണ്ടതിന്റെ പ്രാധാന്യം ചുരുങ്ങിയ വാക്കുകളില്‍ ഫൈസല്‍ പ്രചാരണത്തില്‍ ഓര്‍മിപ്പിച്ചു. രാജ്യത്ത് എല്ലാവരും എന്തു കഴിക്കണം, എന്തു പറയണം എന്ന് ചിലര്‍ തീരുമാനിക്കുന്നു. നാനാജാതി മതസ്ഥര്‍ ഒത്തൊരുമയോടെ കഴിഞ്ഞകാലം അതേപടി ഇനി നിലനില്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരംതേടലാണ് ഈ പോരാട്ടം” ഫൈസല്‍ പറയുമ്പോള്‍ കാതുകൂര്‍പ്പിക്കുകയാണ് തെരുവോരങ്ങള്‍. കാലങ്ങളായി യു ഡി എഫ് പ്രതിനിധീകരിക്കുന്ന മലപ്പുറത്തിന്റെ വികസന മുരടിപ്പുമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ നേട്ടമാകുമെന്നും എം ബി ഫൈസല്‍ പ്രതികരിച്ചു. ഇന്നലെ രാവിലെ പുഴിപ്പറ്റയില്‍ പ്രചാരണം തുടങ്ങിയപ്പോഴുള്ള പ്രസരിപ്പ് രാത്രി വൈകി പര്യടനം തീരുമ്പോഴും കൂടിയിട്ടേയുള്ളൂ.

വിദ്യാര്‍ഥി യുവജന നേതാവും ജനപ്രതിനിധിയും എന്ന നിലയില്‍ ചിരപരിചിതനായ ഫൈസല്‍ തന്നെ കാണാനെത്തുന്ന ഓരോ മുഖങ്ങളിലും പുതിയ സൗഹൃദം തെരയുന്നുണ്ട്. എങ്ങും കൊന്നപ്പൂക്കളുടെയും തെച്ചിപ്പൂക്കളുടെയും ബലൂണുകളുടെയും വര്‍ണമേളം. വാദ്യമേളങ്ങള്‍, സെല്‍ഫിക്കമ്പം എന്നിവയൊക്കെയായി സ്വീകരണയോഗങ്ങള്‍ സമ്പന്നം. എം എല്‍ എമാരായ മുരളി പെരുനെല്ലി, കെ വി അബ്ദുള്‍ ഖാദിര്‍, കെ ബാബു, ജില്ലാ പഞ്ചായത്തംഗം ടി കെ റശീദലി, പി ജ്യോതിഭാസ്, പി കെ കുഞ്ഞുമോന്‍ തുടങ്ങിയവരും എല്‍ ഡി എഫ് നേതാക്കളും ഫൈസലിനൊപ്പമുണ്ടായിരുന്നു.

Latest