യു എന്‍ കുടുംബാസൂത്രണ പദ്ധതിക്ക് അമേരിക്ക സഹായം നല്‍കില്ല

Posted on: April 5, 2017 10:54 am | Last updated: April 4, 2017 at 11:55 pm

വാഷിംഗ്ടണ്‍: യു എന്നിന്റെ കുടുംബാസൂത്രണ പദ്ധതിക്ക് ധനസഹായം നല്‍കുന്നതില്‍ നിന്ന് പിന്‍മാറിയതായി അമേരിക്ക. 150 ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ എഫ് പി എക്കുള്ള സഹായമാണ് അമേരിക്ക നിര്‍ത്തിയത്. ചൈനയില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തെ യു എന്‍ എഫ് പി എ പിന്തുണക്കുകയോ പങ്കാളിയാകുകയോ ചെയ്യുന്നുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്ക സഹായം മരവിപ്പിച്ചിരിക്കുന്നത്.
എന്നാലിത് തെറ്റായ അവകാശവാദമാണെന്നും അമേരിക്കന്‍ നിയമം ലംഘിച്ചിട്ടില്ലെന്നും യു എന്‍ എഫ് പി എ വൃത്തങ്ങള്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം നല്‍കാമെന്നേറ്റ 32.5 മില്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക പിന്‍വലിച്ചത്. ട്രംപ് ഭരണത്തിന്‍ കീഴില്‍ ആദ്യമായാണ് വാഗ്ദാനം ചെയ്ത ധനസഹായം അമേരിക്ക പിന്‍വലിക്കുന്നത്.
2015ല്‍ യു എന്‍ ഏജന്‍സിയായ യു എന്‍ എഫ് പി എക്ക് 979 മില്യണ്‍ ഡോളറിന്റെ സഹായം കിട്ടിയിരുന്നു. ഇതില്‍ നലാമത്തെ ഏറ്റവും വലിയ സഹായ ദാതാവായിരുന്നു അമേരിക്ക. ജനന നിയന്ത്രമത്തിന്റെ പേരില്‍ ഗര്‍ഭഛിദ്രം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടനകള്‍ക്കുള്ള സഹായം നിര്‍ത്തലാക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.