സുശീല്‍ഖന്ന റിപ്പോര്‍ട്ട്

Posted on: April 5, 2017 6:00 am | Last updated: April 4, 2017 at 11:32 pm

നഷ്ടത്തില്‍ നിന്ന് കൊടിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സിയെ കരകയറ്റുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഒട്ടേറെ വിദഗ്ധ സമിതികളെ മുന്‍കാലങ്ങളില്‍ നിയമിച്ചിട്ടുണ്ട്. പ്രായോഗികമായ പല പദ്ധതികളും അവര്‍ മുന്നോട്ട് വെച്ചെങ്കിലും മേലുദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനകളുടെയും എതിര്‍പ്പും സഹകരണക്കുറവും കാരണം അതെല്ലാം പരാജയപ്പെടുകയാണുണ്ടായത്. സുശീല്‍ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടിനും ആ ഗതി വരാതിരിക്കട്ടെ. അന്തിമ റിപ്പോര്‍ട്ടിനു മുന്നോടിയായി ഖന്ന സര്‍ക്കാറിന് സമര്‍പ്പിച്ച രൂപരേഖയോട് തൊഴിലാളി യൂനിയനുകള്‍ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. കോര്‍പറേഷനെ സ്വകാര്യ കമ്പനികള്‍ക്ക് അടിയറവ് വെക്കുന്നതാണ് നിര്‍ദേശങ്ങളെന്നാണ് ഇവരുടെ പക്ഷം. സ്ഥാപനത്തിന്റെ പുനരുന്ഥാരണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ രൂപവത്കരിച്ച റിവൈവല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്ന് കണ്ടാണ് പിണറായി സര്‍ക്കാര്‍ കൊല്‍ക്കത്ത ഐ ഐ എമ്മിലെ വിദഗ്ധനായ സുശീല്‍ ഖന്നയെ നിയോഗിച്ചത്.
ജീവനക്കാരുടെ എണ്ണം കുറക്കുക, മൂന്നു മേഖലകളായി തിരിച്ചു ഓരോ മേഖലക്കും ഓരോ എക്‌സിക്യൂട്ടീവ് ഡയറക്ടറെ നിയമിക്കുക, മൂന്നു മേഖലകളുടേയും പ്രവര്‍ത്തനം ഹെഡ് ഓഫീസില്‍ നിന്ന് ഏകോപിപ്പിക്കുക, ധനം ഹ്യൂമന്‍ റിസോഴ്‌സ് ഓപറേഷന്‍ വിഭാഗങ്ങളില്‍ പ്രഫഷനല്‍ യോഗ്യതയുള്ളവരെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കുക, പുതിയ റൂട്ടുകള്‍ക്ക് ബസ്സുകള്‍ വാടകക്കെടുത്ത് ഓടിക്കുക, ഓഡിറ്റ് സമയബന്ധിതമായി നടത്തുന്നതിന് ഹെഡ് ഓഫീസില്‍ തന്നെ രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കുക, യാത്രക്കാര്‍ക്ക് ആധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അറ്റകുറ്റപ്പണികള്‍ക്കായി ബസുകള്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്ന പതിവ് അവസാനിപ്പിക്കുക, ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിച്ചു ഡബിള്‍ ഡ്യൂട്ടി പരമാവധി ഒഴിവാക്കുക, രാത്രി യാത്രക്ക് അധിക ചാര്‍ജ്, കെ എസ് ആര്‍ ടി സി മാത്രമുളള റൂട്ടുകളില്‍ ഫ്‌ലെക്‌സി ഫെയര്‍ തുടങ്ങിവയാണ് നിര്‍ദേശങ്ങള്‍.
പൊതുമേഖലയില്‍ നടത്തുന്ന ബസ് സര്‍വീസുകളിലെ ജീവനക്കാരുടെ എണ്ണം ഒരു ബസിന് ദേശീയ ശരാശരി 5.5 ആണെങ്കില്‍ കേരളത്തില്‍ 8.7 ഉണ്ട്. എണ്ണത്തില്‍ കൂടുതലുണ്ടെന്നല്ലാതെ ഇത്രയും വിഭവശേഷി വിനിയോഗിക്കപ്പെടുന്നില്ല. ജീവനക്കാര്‍ ഹാജരാകാത്തതിനാല്‍ ദിനം പ്രതി 150ല്‍ ഏറെ ബസുകള്‍ മുടങ്ങുന്നുണ്ടെന്നാണ് കണക്ക്. ഇവിടെയാണ് ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന നിര്‍ദേശത്തിന്റെ പ്രസക്തി. ഒരു ബസിന് ബോഡി നിര്‍മിക്കുന്നതിന് മനുഷ്യാധ്വാന ദിവസങ്ങളുടെ ദേശീയ ശരാശരി 200-240 ദിവസമാണെങ്കില്‍ കേരളത്തില്‍ 325 മുതല്‍ 385 വരെ ദിവസങ്ങളെടുക്കുന്നു. ഇത് ദേശീയ ശരാശരിയിലേക്ക് കൊണ്ടുവരികയോ അല്ലെങ്കില്‍ പുറത്ത് നിന്ന് ചെയ്യിക്കുകയോ വേണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. വാഹന ഉപയോഗ നിരക്ക് ദേശീയ ശരാശരി 92 ശതമാനമാണ്. കേരളത്തിലേത് 82 ശതമാനമാവും. ഇതും വര്‍ധിപ്പിക്കേണ്ടതുണ്ട്.
കോര്‍പറേഷനെ മൂന്ന് മേഖലകളാക്കുന്ന പദ്ധതി ആസൂത്രണ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചതും ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടപ്പാക്കി സ്ഥാപനത്തിന്റെ കാര്യക്ഷമതക്കും വരുമാന വര്‍ധനവിനും സഹായകമാണെന്ന് തെളിയിക്കപ്പെട്ടതുമാണ്. സുശീല്‍ഖന്ന നിര്‍ദേശിച്ചതു പോലെ തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകളായാണ് അന്ന് വിഭജിച്ചിരുന്നത്. ആറ് മാസങ്ങള്‍ക്കകം ഇതിന്റെ ഗുണഫലം പ്രകടമാവുകയും കോര്‍പറേഷന്റെ വരുമാനത്തില്‍ വര്‍ധന അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് കേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരങ്ങള്‍ വികേന്ദ്രീകരിക്കുന്നത് ഇഷ്ടപ്പെടാത്ത ഉന്നത ഉദ്യോഗസ്ഥര്‍ ആ പദ്ധതി അട്ടിമറിച്ചു. ഇത്തരം ഉദ്യോഗസ്ഥ മേധാവികളാണ് സ്ഥാപനത്തിന്റെ ദുരവസ്ഥക്കു കാരണം. തങ്ങളുടെ മേധാവിത്വത്തിനു ഭീഷണിയാകുന്ന ഒരു പരിഷ്‌കരണവും അവര്‍ വെച്ചു പൊറുപ്പിക്കില്ല. ഇത്തരം ഉദ്യോഗസ്ഥരെ നിലനിര്‍ത്തിക്കൊണ്ട് കോര്‍പറേഷനില്‍ ഒരു പരിഷ്‌കരണവും കഴിയില്ല. സുശീല്‍ ഖന്ന നിര്‍ദേശിച്ച വിഭജനം നടപ്പാക്കി ഭരണപരമായ കാര്യങ്ങളെല്ലാം ചീഫ് ഓഫീസില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തിയെങ്കില്‍ മാത്രമേ സ്ഥാപനത്തെ രക്ഷപ്പെടുത്താനാകുകയുള്ളൂ.
നിരന്തരമുള്ള സര്‍ക്കാര്‍ സഹായമാണ് കെ എസ് ആര്‍ ടി സിയെ നിലനിര്‍ത്തുന്നത്. പെന്‍ഷന് ആവശ്യമായ 60 കോടി രൂപയില്‍ 30 കോടി സര്‍ക്കാറാണ് നല്‍കുന്നത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പാക്കി സ്ഥാപനത്തിന്റെ വരുമാനം വര്‍ധിപ്പിച്ചു പെന്‍ഷന്‍ അടക്കമുള്ള എല്ലാ ബാധ്യതകളും സ്വയം വഹിക്കാകുന്ന അവസ്ഥയിലേക്കെത്തിക്കാന്‍ തൊഴിലാളികളുടെ നിര്‍ലോഭമായ സഹകരണമുണ്ടെങ്കില്‍ സാധിക്കവുന്നതേയുള്ളു.സ്ഥാപനം നിലനില്‍ക്കേണ്ടത് പൊതുസമൂഹത്തേക്കാളേറെ ആവശ്യം ജീവനക്കാര്‍ക്കാണെന്ന് മനസ്സിലാക്കി പരമാവധി വിട്ടുവീഴ്ച ചെയ്യാന്‍ തൊഴിലാളികള്‍ സന്നദ്ധമാകേണ്ടതുണ്ട്.