ബാഴ്‌സലോണയില്‍ നെയ്മറിന് സെഞ്ച്വറി !

Posted on: April 4, 2017 1:41 am | Last updated: April 4, 2017 at 12:42 am

മാഡ്രിഡ്: ബാഴ്‌സലോണയില്‍ നെയ്മറിന് നൂറ് ഗോളുകള്‍. ബാഴ്‌സക്കായി 177ാം മത്സരത്തിലാണ് നെയ്മര്‍ ഗോളടിയില്‍ സെഞ്ച്വറി തികച്ചത്.
ലയണല്‍മെസി, ലൂയിസ് സുവാരസ്, സാമുവല്‍ എറ്റു, റിവാള്‍ഡോ എന്നിങ്ങനെ ബാഴ്‌സക്കായി നൂറ് ഗോളുകള്‍ നേടിയ താര നിരയിലേക്കാണ് നെയ്മറുടെ വരവ്. ലാ ലിഗയില്‍ ഗ്രനഡക്കെതിരെ ബാഴ്‌സ നേടിയ നാലാം ഗോളായിരുന്നു നെയ്മറിന്റെ സെഞ്ച്വറി ഗോള്‍.
നൗകാംപ് ക്ലബ്ബിനായി നൂറ് ഗോളുകള്‍ നേടുന്ന മൂന്നാമത്തെ ബ്രസീലിയന്‍ താരമാണ് നെയ്മര്‍. റിവാള്‍ഡോ, എവറിസ്‌റ്റോ എന്നിവരാണ് നേരത്തെ ബാഴ്‌സ ജഴ്‌സിയില്‍ നൂറ് ഗോളുകള്‍ നേടിയത്.

അതേ സമയം, റൊണാള്‍ഡീഞ്ഞോക്ക് ബാഴ്‌സയില്‍ ആറ് ഗോളുകളുടെ അകലത്തിലാണ് സെഞ്ച്വറി നഷ്ടമായത് ! 94 ഗോളുകളാണ് റോണോ നേടിയത്.
2014-15 സീസണിലാണ് നെയ്മര്‍ ബാഴ്‌സക്കായി കൂടുതല്‍ ഗോളുകള്‍ നേടിയത്.
39 ഗോളുകളാണ് നെയ്മര്‍ നേടിയത്. ആ സീസണില്‍ ലൂയിസ് എന്റിക്വെയുടെ ടീം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കി