Connect with us

Malappuram

മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മണ്ടത്തന്‍കള്ളി നിവാസികള്‍ വോട്ട് ബഹിഷ്‌കരിക്കുന്നു

Published

|

Last Updated

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ തൃക്കലങ്ങോട് പഞ്ചായത്തില്‍ എളങ്കൂറിലെ മണ്ടത്തന്‍കള്ളി നിവാസികള്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. റോഡ് ടാറിംഗ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പ്രദേശത്തെ 300 ഓളം വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. അമ്പലപ്പടി- മണ്ടത്തന്‍കള്ളി – കുട്ടശ്ശേരി റോഡാണ് ടാറിംഗ് ചെയ്യാത്തതിനാല്‍ തകര്‍ന്ന് തരിപ്പണമായത്.
ഈ ഭാഗങ്ങളിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്.

“റോഡിനെ അവഗണിച്ചവര്‍ക്ക് വോട്ടില്ല” എന്ന തലക്കെട്ടോടെ പ്രദേശത്ത് ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. റോഡ് ടാറിംഗ് ചെയ്യണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി നാട്ടുകാര്‍ കയറി ഇറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ അധികൃതര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്ന അവസ്ഥയാണ്. ഇത് ആദ്യ സൂചന എന്ന നിലയിലാണെന്നും ഇനിയും അവഗണന തുടരുകയാണെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ നിലപാടെടുക്കാന്‍ തന്നെയാണ് തീരുമാനമെന്ന് മണ്ടത്തന്‍കള്ളി നിവാസികള്‍ പറഞ്ഞു.
പ്രദേശവാസികള്‍ക്ക് കുട്ടശ്ശേരി വലിയ ജുമുഅ മസ്ജിദ്, കുട്ടശ്ശേരി എല്‍ പി സ്‌കൂളിലേക്കും പോകാനുള്ള ഏക വഴിയാണിത്. റോഡ് തകര്‍ന്നതിനാല്‍ രോഗികളടക്കം യാത്ര പോകാന്‍ ബുദ്ധിമുട്ടാണ്. മഴക്കാലമായാല്‍ കാല്‍ നട യാത്ര പോലും ദുസ്സഹമാണ്.