സ്ത്രീകളും രാത്രി ജോലിയും

Posted on: April 3, 2017 6:00 am | Last updated: April 3, 2017 at 7:35 pm

ഐ ടി, ബയോ-ടെക്‌നിക് കമ്പനികള്‍ രാത്രി ഷിഫ്റ്റില്‍ സ്ത്രീകളെ ജോലി ചെയ്യിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക നിയമസഭാ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീകളെ രാത്രി ഡ്യൂട്ടിയിലിടുന്നതിനോട് യോജിപ്പില്ലെന്നും എത്രയും പെട്ടെന്ന് പകല്‍ ഷിഫ്റ്റിലോ ഉച്ച ഷിഫ്റ്റിലോ നിയോഗിക്കണമെന്നുമാണ് വനിതാ ശിശുക്ഷേമ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശം. സമിതി അംഗങ്ങള്‍ കഴിഞ്ഞ നവംബറില്‍ ഇന്‍ഫോസിസ്, ബൈക്കണ്‍ കമ്പനികള്‍ സന്ദര്‍ശിച്ചു നടത്തിയ ചര്‍ച്ചകളില്‍ നിന്നു ബോധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താന്‍ ഇതാവശ്യമാണെന്ന നിഗമനത്തിലെത്തിയത്. തൊഴിലിടങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണം കഴിഞ്ഞ വര്‍ഷം കര്‍ണാടക സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. തൊഴില്‍ ചെയ്യാനുള്ള സ്ത്രീകളുടെ അവസരം നിഷേധിക്കുന്നതാണ് സമിതി നിര്‍ദേശമെന്ന് ഐ ടി വ്യവസായ ബോഡിയായ നാസ്‌കോം അഭിപ്രായപ്പെട്ടതല്ലാതെ ലിംഗസമത്വവാദികളില്‍ നിന്നോ ഫെമിനിസ്റ്റുകളില്‍ നിന്നോ നിയമസഭാ സമിതി നിര്‍ദേശത്തിനെതിരെ കാര്യമായ വിമര്‍ശമുയര്‍ന്നിട്ടില്ല.
തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതയല്ലെന്നാണ് അടിക്കടി വരുന്ന റിപ്പോര്‍ട്ടുകള്‍ വിളിച്ചോതുന്നത്. താഴെക്കിട സ്ഥാപനങ്ങള്‍ മുതല്‍ ജൂഡിഷ്യറിയില്‍ വരെ സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും സ്ത്രീജീവനക്കാര്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നുണ്ട്. 2014ല്‍ ഇത്തരം 526 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. അധികൃതര്‍ മുമ്പാകെ പീഡിതരായ സ്ത്രീകള്‍ നല്‍കിയ പരാതികളെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണ് മന്ത്രിയുടേത്. ഭൂരിഭാഗം സ്ത്രീകളും മാനഹാനിയും തൊഴില്‍ നഷ്ടവും ഭയന്ന് പരാതി സമര്‍പ്പിക്കാതെ പരമാവധി സഹിക്കുന്നവരാണ്. കഴിഞ്ഞ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു യു കെ യിലെ ഒരു സ്ഥാപനം ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ തൊഴിലിടങ്ങളിലെ സ്ത്രീകളില്‍ 82 ശതമാനവും പീഡിതരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ ഏകദേശം അഞ്ചില്‍ നാല് പേര്‍ ഏതെങ്കിലും തരത്തിലൂള്ള പീഡനത്തിന് ഇരകളാകുമ്പോള്‍ ലൈംഗിക പീഡനത്തിനിരയാകുന്നവരാണ് മുന്നിലൊന്നു പേര്‍. പുറത്തിറങ്ങിയാല്‍ ഞരമ്പ് രോഗികളുടെ കണ്ണുകള്‍ സ്ത്രീകളെ പിന്തുടര്‍ന്നു കൊണ്ടിരിക്കുകയാണ് എവിടെയും. പകല്‍ ഷിഫ്റ്റുകളേക്കാള്‍ രാത്രി ഷിഫ്റ്റുകളിലാണ് അവര്‍ കൂടുതല്‍ വേട്ടയാടപ്പെടുന്നത്. രാത്രി പുറത്തിറങ്ങുന്നതിന് സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ മുംബൈ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലം രാത്രികളിലെ വര്‍ധിച്ചുവരുന്ന പീഡനമായിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രി ഷിഫ്റ്റില്‍ നിന്നൊഴിവാക്കണമെന്ന ആശയം പ്രസക്തമാകുന്നത്.
രാത്രി ജോലി സ്ത്രീകളുടെ സുരക്ഷയുടെ പ്രശ്‌നത്തിന് പുറമെ കുടുംബ ബന്ധങ്ങളിലും ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നുണ്ട്. തിരക്ക് പിടിച്ച ഇന്നത്തെ ജീവിതത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ തുലോം കുറവാണ്. പകല്‍ നേരത്ത് കുടുംബനാഥന്‍ ജോലി സ്ഥലത്തും കുട്ടികള്‍ വിദ്യാലയങ്ങളിലുമായിരിക്കും. രാത്രിയാണ് എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാനുള്ള സമയം.അത് മിക്കവാറും ചാനലുകള്‍ കവര്‍ന്നെടുക്കുകയും ചെയ്യും. അതിനിടിയില്‍ കിട്ടുന്ന ഇടവേളകളിലും ഭക്ഷണസമയത്തും ഒന്നിച്ചിരിക്കുകയും കുടുംബ വിഷയങ്ങള്‍ സംസാരിക്കുകയും ചെയ്യാറുണ്ട്. ഇത്തരം കൂടിച്ചേരലുകളാണ് കുടുംബ ബന്ധങ്ങള്‍ സുദൃഢവും ആസ്വാദ്യകരവുമാക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടി നഷ്ടപ്പെടുമ്പോള്‍ ദമ്പതികള്‍ക്കിടയില്‍ മാനസിക അകല്‍ച്ചയും കുട്ടികളില്‍ അരക്ഷിതബോധവും ഉടലെടുക്കുന്നു. കൂട്ടുകുടുംബ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് മാതാപിതാക്കളുടെ അഭാവത്തില്‍ കുട്ടികള്‍ക്ക് സംസാരിക്കാനും പരിലാളനക്കും മുത്തശ്ശന്മാരോ മുത്തശ്ശിമാരോ മറ്റു കുടുംബാംഗങ്ങളോ ഉണ്ടായിരുന്നു. അണുകുടുംബ സമ്പ്രദായത്തിന്റെ വരവോടെ അതില്ലാതായി.
ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം കേരളത്തില്‍ സ്ത്രീകളുടെ രാത്രി ജോലിക്ക് വിലക്കുണ്ട്. എന്നാല്‍, രാത്രി 10 മണി വരെ നിരുപാധികവും സ്ത്രീ സന്നദ്ധമെങ്കില്‍ 10 മണിക്ക് ശേഷവും അവരെ ജോലിക്ക് നിര്‍ത്താന്‍ അനുവാദം നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി തൊഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് വെളിപ്പെടുത്തിയിരുന്നു. കര്‍ണാടക നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പ് ഒരു വിശദ പഠനത്തിനും ചര്‍ച്ചക്കും തയാറാവുകയും ഭേദഗതി നീക്കം പുനഃപരിശോധനക്ക് വിധേയമാക്കുകയും വേണം.