ഫിഫ ലോകകപ്പില്‍ 48 ടീമുകള്‍ ; നേട്ടം ആഫ്രിക്കക്ക്‌

Posted on: April 1, 2017 11:59 am | Last updated: April 1, 2017 at 11:04 am

സൂറിച്: 2026 ഫിഫ ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച പദ്ധതി നിര്‍ദേശങ്ങള്‍ കൈമാറി. അടുത്ത മാസം ബഹ്‌റൈനില്‍ ചേരുന്ന ഫിഫ കോണ്‍ഗ്രസില്‍ ഇത് അനുമതിക്കായി ചര്‍ച്ചക്കെടുക്കും. 32 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് 48 ടീമുകളെ ഉള്‍ക്കൊള്ളുന്നതാക്കി മാറ്റുന്നത്. ഇതില്‍ വിവിധ വന്‍കരകള്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥാനങ്ങളുടെ എണ്ണത്തില്‍ ആഫ്രിക്കയാണ് നേട്ടമുണ്ടാക്കിയത്.

ഒമ്പത് ആഫ്രിക്കന്‍ ടീമുകള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് പരിഷ്‌കാരം. നാല് സ്ഥാനമാണ് അധികം ലഭിക്കുന്നത്. ഏഷ്യക്ക് നിലവില്‍ നാലിനും അഞ്ചിനും ഇടയിലാണ് സ്ഥാനമുള്ളത്. ഇത് എട്ടായി ഉയരും. യൂവേഫക്ക് പതിമൂന്ന് സ്ഥാനങ്ങളുള്ളത് പതിനാറായി മാറും. മൂന്ന് സ്ലോട്ടുകള്‍ മാത്രമാണ് അധികം ലഭിക്കുന്നത്. കോണ്‍കകാഫി (നോര്‍ത്ത് & സെന്‍ട്രല്‍ അമേരിക്ക & കരീബിയന്‍ കോണ്‍ഫെഡറേഷന്‍) ല്‍ നിന്ന് ആറ് ടീമുകളുണ്ടാകും. നിലവില്‍ മൂന്ന്/നാല് സ്ലോട്ടുകളാണ് കോണ്‍കകാഫിനുള്ളത്.
ലാറ്റിനമേരിക്ക (കോണ്മെബോള്‍)ന്‍ മേഖലയില്‍ നിന്ന് ആറ് ടീമുകള്‍ വരും. നാല്/അഞ്ച് സ്ലോട്ടുകളാണ് നിലവിലുള്ളത്.
ഓഷ്യാനിയ മേഖലക്ക് പ്ലേ ഓഫ് സ്ഥാനം മാത്രമാണുള്ളത്. പുതിയ നിര്‍ദേശത്തില്‍ ഒരു സ്ഥാനം ഓഷ്യാനിയ മേഖലക്ക് ഉറപ്പാക്കും.
യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍ ഫിഫയുടെ പരിഷ്‌കാരത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.
മെയ് ഒമ്പതിന് ബഹ്‌റൈനിലെ ഫിഫ കൗണ്‍സിലില്‍ ഈ നിര്‍ദേശങ്ങള്‍ക്ക് എതിര്‍ സ്വരം ഉയരാനുള്ള സാധ്യത വിരളമാണ്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥാനമേറ്റ ഉടനെ പ്രഖ്യാപിച്ചതാണ് ലോകകപ്പ് ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തുമെന്ന്.