വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു

Posted on: March 31, 2017 8:24 pm | Last updated: April 1, 2017 at 10:39 am

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് ഒടുവില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതേ തുടര്‍ന്ന് വിജിലന്‍സിന്റെ ചുമതല ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി.

വിജിലന്‍സിനെതിരെ കോളതികളില്‍ നിന്ന് നിരന്തര വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ട് എന്ന് വരെ കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.

സംസ്ഥാനത്തെ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അടക്കം ജേക്കബ് തോമസിന് എതിരെ രംഗത്ത് വന്നിരുന്നു. ഉദ്യോഗസ്ഥരെ പ്രതികാരബുദ്ധിയോടെ വേട്ടയാടുന്നുവെന്നായിരുന്നു അവരുടെ പരാതി.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്ത് ശമ്പളംപറ്റി, തുറമുഖ ഡയറക്ടറായിരിക്കെ നടത്തിയ ഇടപാടുകളിലൂടെ സര്‍ക്കാരിന് നഷ്ടംവരുത്തി, കര്‍ണാടകത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് അടുത്ത ബന്ധു ഭൂമി കൈയ്യേറി തുടങ്ങിയ ആരോപണങ്ങളും ജേക്കബ് തോമസിനെതിരെ ഉയര്‍ന്നിരുന്നു.