Connect with us

Kannur

പി എസ് സി പരീക്ഷ: പ്രായപരിധി കൂട്ടാന്‍ നിയമ ഭേദഗതിക്ക് നടപടിയായില്ല

Published

|

Last Updated

കണ്ണൂര്‍: പെന്‍ഷന്‍ പ്രായപരിധി വര്‍ധിപ്പിച്ചിട്ടും പി എസ് സി പരീക്ഷ എഴുതാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ വേണ്ട നിയമ ഭേദഗതി നടത്താന്‍ സര്‍ക്കാര്‍ നടപടിയായില്ല. ജീവിത സാഹചര്യങ്ങള്‍ മൂലം അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പി എസ് സിയുടെ പ്യൂണ്‍ ഉള്‍പ്പെടെയുള്ള നിരവധി തസ്തികകളിലേക്ക് പ്രായപരിധി കൂടിയതു മൂലം അപേക്ഷിക്കാനാകാതെ പിന്തള്ളപ്പെട്ടുപോകുന്നത്.
നിലവില്‍ പി എസ് സിക്ക് ഉയര്‍ന്ന പ്രായപരിധി ജനറല്‍ കാറ്റഗറിക്ക് 36 വയസ്സും സംവരണ വിഭാഗങ്ങള്‍ക്ക് 39 വയസ്സുമാണ്. സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടി 56 ആക്കിയപ്പോഴും പരീക്ഷയെഴുതുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ നടപടിയുണ്ടായിട്ടില്ല. മുന്‍കാലങ്ങളിലെല്ലാം പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനനുസരിച്ച് പരീക്ഷയെഴുതുന്നവരുടെ പ്രായപരിധിയിലും മാറ്റം വരുത്താറുണ്ടായിരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളില്‍ ഓരോവര്‍ഷം കഴിയുന്തോറും പ്രായത്തിന്റെ മാനദണ്ഡം കൊണ്ട് മാത്രം അപേക്ഷിക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികളുടെ എണ്ണം ഓരോ ജില്ലയിലും ലക്ഷം കവിയും. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയാത്തവരാണ് ഇതിലേറെപ്പേരും. ഇത്തരം തസ്തികകളിലേക്ക് എഴുത്തും വായനയും യോഗ്യതയായി നിശ്ചയിച്ചപ്പോള്‍, ബിരുദവും ബിരുദാനന്തര ബിരുദവും ടി ടി സി, ബി എഡ്, ബി ടെക്ക് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരൊക്കെ പരീക്ഷ എഴുതുകയും റാങ്ക്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മറ്റു ഉയര്‍ന്ന ജോലി ലഭിക്കുമ്പോള്‍ ലാസ്റ്റ് ഗ്രേഡ് സര്‍വീസ് ഉപേക്ഷിക്കുന്നതും പതിവായിരുന്നു. ഈ പ്രവണത അവസാനിപ്പിക്കാനുദ്ദേശിച്ച് ബിരുദധാരികളെ ഇത്തരം തസ്തികയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഇതിന്റെയടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം യോഗ്യത പരിഷ്‌കരിക്കാന്‍ നടപടിയുണ്ടായി.
ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലുള്‍പ്പെട്ട 48 തസ്തികകളുടെ അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് വിജയമാക്കിയാണ് പരിഷ്‌കരിച്ചത്. അതുകൊണ്ട് തന്നെ പത്താം തരം, പ്രീഡിഗ്രിക്കാര്‍ക്കും കൂടുതല്‍ അവസരം ലഭിച്ചു. എന്നാല്‍ ഈ നിയമ ഭേദഗതി നേടിയെടുക്കാന്‍ പരിശ്രമിച്ച പലര്‍ക്കും പ്രായപരിധി കൂടിയെന്നതു മൂലം പരീക്ഷക്ക് അപേക്ഷിക്കാനാകുന്നില്ല. ഈ പ്രശ്‌നം മറികടക്കാന്‍ പെന്‍ഷന്‍ പ്രായപരിധിയുയര്‍ത്തിയതിന് ആനുപാതികമായി പി എസ് സി പരീക്ഷാ പ്രായവും പുനര്‍നിര്‍ണയിക്കണമെന്നാണ് ഉദ്യോഗര്‍ഥികളുടെ ആവശ്യം.
അടുത്ത ജൂണില്‍ ബിരുദധാരികളെ ഒഴിവാക്കിയുള്ള ആദ്യ ലാസ്റ്റ് ഗ്രേഡ് പരീക്ഷ വരുമ്പോള്‍ അതില്‍ അപേക്ഷിക്കാനുള്ള ജനറല്‍ കാറ്റഗറിയുടെ പ്രായ പരിധി 36ല്‍ നിന്ന് 40 ആക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആശ്യപ്പെടുന്നുണ്ട്. ഇതിനായി വിവിധ ജില്ലകളില്‍ നിന്ന് നൂറുകണക്കിന് അപേക്ഷകളാണ് സര്‍ക്കാറിന് മുന്നിലെത്തുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ ഇത്തരമൊരു ആവശ്യമുന്നയിച്ച് സംഘടന രൂപവത്കരിച്ച് പ്രക്ഷോഭത്തിനിറങ്ങാനും ഉദ്യോഗാര്‍ഥികള്‍ ആലോചിക്കുന്നുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest