മലപ്പുറം ഉപതിരഞ്ഞെടുപ്പ്: മഞ്ചേരിയും കുറ്റിപ്പുറവും ഓര്‍മിപ്പിച്ച് ഇടതുപക്ഷം

Posted on: March 31, 2017 9:18 am | Last updated: March 30, 2017 at 7:20 pm

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്തെ എഴുതി തള്ളേണ്ടെന്ന ഓര്‍മപ്പെടുത്തലുമായി ഇടതുപക്ഷത്തിന്റെ പ്രചാരണം. പഴയ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിലും കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിലും ഇടതുപക്ഷം നേടിയിട്ടുള്ള അട്ടിമറി വിജയം മറക്കാറായിട്ടില്ലെന്നും മലപ്പുറത്ത് അത്തരമൊരു വിജയമുണ്ടായാല്‍ അത്ഭുതപ്പെടേണ്ടെന്നുമാണ് ഇടത് നേതാക്കളുടെ വാക്കുകള്‍. മുസ്‌ലിംലീഗിന്റെ പച്ചക്കോട്ടയായ മലപ്പുറത്തെ ചുവപ്പിക്കാനാകില്ലെന്ന് ഉറച്ചുവിശ്വസിച്ചവരെ തിരുത്താന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെങ്കില്‍ അത്തരം വിജയങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.

2004ല്‍ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ 47743 വോട്ടിന്റെ കനത്ത ഭൂരിപക്ഷത്തിന് ടി കെ ഹംസയും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ 8776 വോട്ടിന് കെ ടി ജലീലും പരാജയപ്പെടുത്തിയത് ഇപ്പോഴും ഇടതുപക്ഷത്തിന് ആവേശം നല്‍കുന്നുണ്ട്. ഇതുകൊണ്ട്തന്നെ മലപ്പുറം മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലെല്ലാം പ്രവര്‍ത്തകരെ ആവേശഭരിതരാക്കാന്‍ നേതാക്കള്‍ ഈ രണ്ട് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി ഫൈസലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മലപ്പുറത്ത് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ തിരഞ്ഞെടുപ്പുകള്‍ പ്രത്യേകം എടുത്ത് പറയുകയും ചെയ്തിരുന്നു. മലപ്പുറം ജില്ല യു ഡി എഫിന്റെ സുരക്ഷിത മേഖലയാണെന്ന ധാരണകള്‍ തിരുത്തുന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും. പല മണ്ഡലങ്ങളിലുമുണ്ടായ തോല്‍വികളും ഭൂരിപക്ഷത്തിലെ കുറവുമെല്ലാം മുസ്‌ലിംലീഗിനെ ഇപ്പോഴും ആശങ്കപ്പെടുത്തുന്നുണ്ട്.

മുസ്‌ലിംലീഗും കോണ്‍ഗ്രസും കുത്തകയാക്കി വെച്ചിരുന്ന താനൂരും നിലമ്പൂരുമെല്ലാം യു ഡി എഫിന് നഷ്ടമായപ്പോള്‍ മറ്റിടങ്ങളില്‍ ചെറിയ ഭൂരിപക്ഷത്തിന് മാത്രമാണ് വിജയിച്ച് കയറാനായത്. തദ്ദേശ തിരഞ്ഞെടുപ്പിലും പല പഞ്ചായത്തുകളിലും യു ഡി എഫിന് അടിതെറ്റുന്ന കാഴ്ചയാണുണ്ടായിരുന്നത്. ഈ ഒരു ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുകയും വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങുകയും ചെയ്യുന്നത്. ഒപ്പം സംഘ്പരിവാറിന്റെ നയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിനെയും ഫാസിസ്റ്റ് നടപടികളെയും ഇടതുപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളെയാണ് യു ഡി എഫ് പ്രചാരണായുധമാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള മുഖ്യമന്ത്രി ആദിത്യനാഥ്‌യോഗിയുടെ തീരുമാനം മലപ്പുറത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ആഞ്ഞടിക്കാനുളള മൂര്‍ച്ചയുള്ള ആയുധമാക്കിയിട്ടുണ്ട് ഇടതു വലതു പാര്‍ട്ടികള്‍.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഐസ്‌ക്രീം കേസ് ഇടതുപക്ഷം വീണ്ടും പൊടിതട്ടിയെടുക്കുമെന്നതിനാല്‍ മന്ത്രി ശശീന്ദ്രന്റെ രാജി പ്രചാരണ വിഷയമാക്കാന്‍ യു ഡി എഫ് തയ്യാറായിട്ടില്ല. അതേസമയം, ചോദ്യപേപ്പര്‍ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മുസ്‌ലിംലീഗ്- ബി ജെ പി സൗഹൃദ മത്സരമാണ് മലപ്പുറത്തെന്ന ആക്ഷേപമാണ് ബി ജെ പി ഉയര്‍ത്തുന്നത്.

എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി ഡി പി തുടങ്ങിയവരൊന്നും സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത് മുസ്‌ലിം ധ്രുവീകരണമുണ്ടാക്കി കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനാണെന്നാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വാദം.