തിരുവനന്തപുരം: പല അഴിമതി കേസുകളിലും പ്രധാന പ്രതികള്‍ മരിച്ചു കഴിഞ്ഞാലും കേസിന് തീര്‍പ്പുണ്ടാകാത്ത സ്ഥിതിയാണെന്നു ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ്്്് അച്യുതാനന്ദന്‍. കെ സത്യകന്‍ രചിച്ച അഴിമതിയുടെ പരിണാമവും, പരിമാണവും എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു വി എസ്്്. കേസ് കോടതിയില്‍ എത്തിയാല്‍ പലവിധ പരിമിതികളും കൊണ്ട് കേസ് തീര്‍പ്പാക്കല്‍ അനിശ്ചിതമായി നീണ്ടു പോകുകയും ചെയ്യുന്നു. അങ്ങിനെ വരുമ്പോള്‍ അഴിമതിക്കാര്‍ക്ക് യാതൊന്നും സംഭവിക്കുന്നില്ലാ എന്ന സ്ഥിതിയുമുണ്ടാകുന്നു. നാം രാജ്യമാകെ പരിശോധിക്കുമ്പോള്‍ ലക്ഷകണക്കിന് കോടി രൂപയുടെ അഴിമതി കേസുകള്‍ ഉണ്ടായിട്ടുള്ളതായി കാണാം. എന്നാല്‍, ഇത്തരം അഴിമതി കേസുകളില്‍ കാര്യമായ ഒന്നിലും തന്നെ ബന്ധപ്പെട്ടവര്‍ക്ക് ശിക്ഷ കിട്ടിയതായി കാണുന്നില്ലെന്നും വി എസ് പറഞ്ഞു.
അഴിമതി ഉദ്യോഗസ്ഥ തലത്തിലായാലും, രാഷ്ട്രീയ നേതൃതലങ്ങളിലായാലും അത് ജനജീവിതത്തിലെ ഒരു മഹാവ്യാധി തന്നെയാണ്. അഴിമതി ഇങ്ങിനെ അരങ്ങു വാഴുമ്പോള്‍ നമ്മുടെ സാമൂഹ്യ ജീവിതവും സാംസ്‌കാരിക ജീവിതവുമാണ് മലീമസമാകുന്നത്. അഴിമതിക്കാര്‍ കൊഴുത്തു തടിക്കുന്നത് പലപ്പോഴും പാവപ്പെട്ട മനുഷ്യരുടെ ചെലവിലാണ്. പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട കാര്യങ്ങളാണ് അവരില്‍ നിന്നും അപഹരിച്ചെടുത്ത് അധികാരികള്‍ അഴിമതിക്കാര്‍ക്ക് നല്‍കുന്നത്. ചുരുക്കത്തില്‍ അഴിമതി അരങ്ങുവാഴുന്നത് സാധാരണ മനുഷ്യരുടെ ജീവിതം ദുരിതങ്ങളിലാഴ്ത്തിക്കൊണ്ടാണെന്നും വി എസ്്് പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ കൃത്യമായി ഹാജരാവുകയും, ഡ്യൂട്ടി സമയങ്ങളില്‍ ജോലി നിര്‍വ്വഹിക്കുകയും ചെയ്യുക എന്നത് ജീവനക്കാരുടെ അടിസ്ഥാനപരമായ ചുമതലയാണ്. സര്‍ക്കാര്‍ ജീവനക്കാരെ ‘പബ്ലിക് സര്‍വ്വന്റ്‌സ്’ എന്നാണ് ഭരണഘടന പറയുന്നത്. അതായത്, പൊതുജനങ്ങളുടെ ജോലിക്കാരാണ് ജീവനക്കാര്‍. ഒന്നുകൂടി വിശദമാക്കിയാല്‍, ജനങ്ങളാണ് ഉദ്യോഗസ്ഥരുടെ യജമാനന്‍മാര്‍. ഈയൊരു അവബോധത്തോടെ ജീവനക്കാര്‍ എല്ലാവരും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ് ഗൗരവതരമായ പ്രശ്‌നം.
അഴിമതിരഹിതമായി ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ചുമതലകളില്‍ ഏറ്റവും പ്രധാനമായ കാര്യമാണ്. പൊതുജനങ്ങള്‍ ജീവനക്കാരുടെ യജമാനന്‍മാര്‍ ആണെന്ന അവബോധം ഉണ്ടായാല്‍ത്തന്നെ, അഴിമതിക്ക് വലിയൊരു പരിധി വരെ പരിഹാരമുണ്ടാകും. വി എസ്് പറഞ്ഞു.