കാലാവസ്ഥ സംരക്ഷണ നിയമം ട്രംപ് റദ്ദാക്കി

Posted on: March 30, 2017 7:26 am | Last updated: March 29, 2017 at 11:27 pm

വാഷിംഗ്ടണ്‍: യു എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ജനകീയ പദ്ധതിക്കെതിരെ വീണ്ടും ഡൊണാള്‍ഡ് ട്രംപ്. പരിസ്ഥിതി വാദികളുടെയും പൊതുജനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റിയ കാലാവസ്ഥ സംരക്ഷണ പദ്ധതി റദ്ദാക്കിയാണ് ട്രംപിന്റെ പുതിയ ഉത്തരവ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിച്ച് ലോകത്തെ സുരക്ഷിതമാക്കാനുള്ള പാരീസ് ഉടമ്പടിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിക്കാണ് ട്രംപ് കൂച്ചുവിലങ്ങിടുന്നത്.

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജപദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഒബാമയുടെ നടപടി തൊഴില്‍ മേഖലയെ ബാധിച്ചുവെന്ന് ആരോപിച്ചാണ് ട്രംപ് പുതിയ ഉത്തരവുമായി രംഗത്തെത്തിയത്.
തൊഴിലിനെ കൊല്ലുന്ന നിയന്ത്രണങ്ങള്‍ അവസാനിച്ചുവെന്നും പ്രകൃതിവാതക, കല്‍ക്കരി, എണ്ണ മേഖലകളില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ തന്റെ പുതിയ ഉത്തരവിന് സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, പരിസ്ഥിതിക്ക് വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന ട്രംപിന്റെ ഉത്തരവിനെതിരെ അമേരിക്കയില്‍ വ്യാപക പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ട്രംപിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും കാലാവസ്ഥാ വ്യതിയാനം ചെറുത്ത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് ഗവര്‍ണര്‍മാര്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ വിധിക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ബിസിനസ് പുരോഗതി മാത്രമാണ് പുതിയ ഉത്തരവ് കൊണ്ട് ട്രംപ് ലക്ഷ്യംവെക്കുന്നത്. പ്രമുഖ ബിസിനസുകാരന്‍കൂടിയായ ട്രംപിന് പുതിയ ഉത്തരവ് കൊണ്ട് കച്ചവടതാത്പര്യമുണ്ടെന്നും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ജനകീയ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ റദ്ദാക്കാനുള്ള തീരുമാനം പാളിയതിന് പിന്നാലെയാണ് പുതിയ വിവാദ ഉത്തരവുമായി ട്രംപ് രംഗത്തെത്തിയത്.
ട്രംപിന്റെ പരിസ്ഥിതിവിരുദ്ധ നിയമനടപടിക്കെതിരെ വ്യാപക പ്രക്ഷോഭം ഏര്‍പ്പെടുത്താനും പരിസ്ഥിതി വാദികള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നിയമപരമായും ട്രംപിന്റെ പുതിയ ഉത്തരവ് ചോദ്യം ചെയ്യാനാണ് ഇവരുടെ തീരുമാനം. സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരെയൊക്കെ അണിനിരത്തിയുള്ള പ്രക്ഷോഭമാണ് ആസൂത്രണം ചെയ്യുന്നത്. എന്നാല്‍, ട്രംപിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് ഖനി വ്യവസായികള്‍ രംഗത്തെത്തിയിട്ടുണ്ട്.