സിലിക്കണ്‍ വാലിയില്‍ ക്യു ഐ എ ഓഫീസ് തുറക്കുന്നു

Posted on: March 29, 2017 8:38 pm | Last updated: March 29, 2017 at 8:38 pm

ദോഹ: അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഓഫീസ് തുറക്കുന്നു. അമേരിക്കയിലെ വര്‍ധിച്ചുവരുന്ന നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാനാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയില്‍ ഓഫീസ് തുറക്കുന്നതെന്ന് ക്യു ഐ എയുടെ സി ഇ ഒ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി ലണ്ടനില്‍ പറഞ്ഞു.

സിലിക്കണ്‍ വാലിയില്‍ ഓഫീസ് തുറക്കുന്നത് ഉടനെയുണ്ടാകും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും ഓഫീസ് തുറക്കല്‍. ന്യൂയോര്‍ക്കിലെ ഓഫീസുമായി വാണിജ്യ ബന്ധമുണ്ടാകും സിലിക്കണ്‍ വാലിയിലെ ഓഫീസിന്. സോഫ്റ്റ്‌ബേങ്ക് ഗ്രൂപ്പ് കോര്‍പറേഷന്‍ രൂപവത്കരിച്ച സാങ്കേതികവിദ്യ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതും പരിഗണനയിലാണ്. ടെക്‌നോളജി ഫണ്ടില്‍ 100 ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ക്യു ഐ എ പരിഗണിക്കുന്നത്. ജപ്പാന്‍ ടെലികമ്യൂനിക്കേഷന്‍സ്, ഇന്റര്‍നെറ്റ് കമ്പനിയായ സോഫ്റ്റ്‌ബേങ്ക് ഗ്രൂപ്പിന്റെ കൂടെ സഊദി അറേബ്യയും ചേര്‍ന്നാണ് ഒക്‌ടോബറില്‍ ടെക്‌നോളജി ഫണ്ട് രൂപവത്കരിച്ചത്. ഫണ്ടില്‍ നിക്ഷേപിക്കുന്നത് പഠനവിധേയമാണെന്നും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ശൈഖ് അല്‍ താനി പറഞ്ഞു.

ലോകത്തെ സജീവമായ പരമോന്നത നിക്ഷേപകരിലൊന്നാണ് ക്യു ഐ എ. വസ്തു വിപണി മുതല്‍ ആഡംബര ഉത്പന്നങ്ങള്‍ വരെ വിവിധ നിക്ഷേപങ്ങള്‍ ക്യു ഐ എയുടെതായിട്ടുണ്ട്. നേരത്തെ യൂറോപ്പിലായിരുന്നു ക്യു ഐ എ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി യു എസ്, ഏഷ്യ വിപണികളിലേക്കാണ് ക്യു ഐ എ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ ഓഫീസ് തുടങ്ങിയതിന് ശേഷം അമേരിക്കയില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 35 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഖത്വര്‍ രണ്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. സോവറിന്‍ വെല്‍ത്ത് സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്യു ഐ എക്ക് 334 ബില്യന്‍ ഡോളറിന്റെ ആസ്തിയുണ്ട്.