Connect with us

Gulf

ദോഹയുടെ ആകാശത്ത് അടുത്ത മാസം അപൂര്‍വ പ്രതിഭാസം

Published

|

Last Updated

ദോഹ: അടുത്ത മാസം രോഹിണി നക്ഷത്ര (അള്‍ഡിബരന്‍)ത്തെ രണ്ട് തവണ ചന്ദ്രന്‍ മറക്കുന്ന അപൂര്‍വ ജ്യോതി പ്രതിഭാസം ഖത്വറിലെ വാനനിരീക്ഷകര്‍ക്ക് കാണാം. ആദ്യ പ്രതിഭാസം ഏപ്രില്‍ ഒന്നിനാണ്. അന്ന് ദോഹ സമയം ഉച്ചക്ക് 12നാണ് ചന്ദ്രന് പിന്നില്‍ അള്‍ഡിബരന്‍ മറയുകയെന്ന് ഖത്വര്‍ കലന്‍ഡര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞരായ ഡോ. ബശീര്‍ മര്‍സൂഖും ഡോ. മുഹമ്മദ് അല്‍ അന്‍സാരിയും അറിയിച്ചു. ഉച്ചക്കാണ് ഈ പ്രതിഭാസം തുടങ്ങുകയെങ്കിലും സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദോഹയില്‍ നിന്ന് ഇത് കാണാനാകും.

ഏപ്രില്‍ 28നാണ് രണ്ടാമത്തെ പ്രതിഭാസം. ദോഹ സമയം രാത്രി ഒമ്പതിനാണ് അന്ന് അള്‍ഡിബരന്‍ നക്ഷത്രം ചന്ദ്രന് പിന്നിലാകുക. സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഇത് ദൃശ്യമാകും. ചന്ദ്രന്റെ പിന്നില്‍ മറയുന്ന ഈ സമയത്തെ നക്ഷത്രത്തിന്റെ രേഖ അളക്കാന്‍ ജ്യോതിശാസ്ത്രജ്ഞരെ സഹായിക്കുന്നതാണിത്. ആകാശത്ത് ചന്ദ്രനെയും അള്‍ഡിബരന്‍ നക്ഷത്രത്തെയും ഒരുമിച്ച് വീക്ഷിക്കാന്‍ ലഭിക്കുന്ന മികച്ച അവസരവുമാണിത്. സൂര്യനില്‍ നിന്ന് 65 പ്രകാശവര്‍ഷം അകലെയുള്ള ഈ നക്ഷത്രത്തിന് സൂര്യനേക്കാള്‍ 50 മടങ്ങ് വലുതാണ്. 65.23 പ്രകാശവര്‍ഷമാണ് ഭൂമിയില്‍ നിന്ന് ഈ നക്ഷത്രത്തിലേക്ക്.

Latest