വര്‍ണവിവേചനത്തിനെതിരെ പോരാടിയ അഹ്മദ് കത്രദ അന്തരിച്ചു

Posted on: March 29, 2017 1:15 am | Last updated: March 29, 2017 at 12:47 am

ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ ഉറ്റസുഹൃത്തും വര്‍ണവിവേചനവിരുദ്ധ പോരാളിയുമായ അഹ്മദ് മുഹമ്മദ് കത്രദ അന്തരിച്ചു. അങ്കിള്‍ കാതി എന്ന പേരില്‍ അറിയപ്പെട്ട കത്രദയുടെ അന്ത്യം ജോഹന്നാസ്ബര്‍ഗില്‍ വെച്ചായിരുന്നു. 87കാരനായ കത്രദ മാസങ്ങളായി അസുഖബാധിതനായിരുന്നു. മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഇദ്ദേഹം കിടപ്പിലായത്.

റോബണ്‍ ദ്വീപില്‍ 26 വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച അങ്കിള്‍ കാതി, നെല്‍സണ്‍ മണ്ടേല കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ ശബ്ദിക്കുന്ന ആക്ടിവിസ്റ്റുകളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള നേതാവാണ്. കത്രദയുടെ ജീവിതകാല അഭിലാഷം പോലെ ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കി ഇസ്‌ലാമിക ആചാര പ്രകാരം ലളിതമായ ഖബറടക്ക ചടങ്ങാണ് നടന്നത്. കത്രദക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരടക്കം ആയിരങ്ങളാണ് എത്തിയത്.
1929ല്‍ ജനിച്ച കത്രദ ചെറുപ്പകാലം മുതലേ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായിരുന്നു. യുവ ആകിടിവിസ്റ്റായിരിക്കെ ജയിലിലുമായി. 1952ല്‍ നല്‍സണ്‍ മണ്ടേലക്കൊപ്പം ഒമ്പത് മാസം ജയില്‍ ശിക്ഷ അനുഭവിച്ചു. ഇതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറെ വഴിത്തിരിവായത്. ദക്ഷിണാഫ്രിക്കയില്‍ വ്യാപകമായ വര്‍ണവിവേചനത്തിനും രാഷ്ട്രീയ, സാമൂഹിക അരാജകത്വത്തിനുമെതിരെ മണ്ടേലക്കൊപ്പം നിന്ന് പോരാടി. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തിയെന്നാരോപിച്ച് 1963ല്‍ കത്രദയെ വീണ്ടും അറസ്റ്റ് ചെയ്തു.

1964ല്‍ കത്രദയടക്കം പത്ത് എ എന്‍ സി പ്രവര്‍ത്തകരെ കുറ്റക്കാരായി വിധിച്ചു. 1989ലാണ് കത്രദ ജയില്‍ മോചിതനാകുന്നത്. പിന്നീട് 1994ല്‍ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലിമെന്റ് അംഗമായി. 1997 മുതല്‍ 2006വരെ റോബണ്‍ ദ്വീപ് മ്യൂസിയം കൗണ്‍സില്‍ ചെയര്‍പേഴ്‌സണായി സേവനം അനുഷ്ഠിച്ചു. പിന്നീട് അഹ്മദ് കത്രദ ഫൗണ്ടേഷന്‍ ആരംഭിച്ച് സാമൂഹിക പ്രവര്‍ത്തനത്തില്‍ ശ്രദ്ധതിരിച്ചു. പ്രധാനമായും വംശീയ യാഥാസ്ഥിതികത്വത്തിനെതിരായിരുന്നു ഈ സംരംഭം.
കത്രദയുടെ മരണം ഞെട്ടലോടെയാണ് മണ്ടേലയുടെ കുടുംബം കേട്ടത്. തന്റെ പിതാവിന്റെ സ്ഥാനമാണ് കത്രദക്കുള്ളതെന്ന് മണ്ടേലയുടെ മകള്‍ സെനാനി മണ്ടേല കണ്ണീരോടെ പ്രതികരിച്ചു.