അമേരിക്കയിലേക്ക് മുലപ്പാല്‍ കടത്ത് വ്യാപകം; കര്‍ശന നടപടിയുമായി കംബോഡിയ

Posted on: March 29, 2017 1:45 am | Last updated: March 29, 2017 at 12:46 am

നോം പെന്‍: മുലപ്പാല്‍ വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും കംബോഡിയ ഔദ്യോഗികമായി നിരോധിച്ചു. കംബോഡിയന്‍ സ്ത്രീകള്‍ വ്യാപകമായി ഈ വ്യാപാരം നടത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. അംബ്രോസിയ ലാബ് വഴിയാണ് അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് മുലപ്പാല്‍ കയറ്റുമതി ചെയ്യുന്നത്.

തലസ്ഥാനത്തെ ദരിദ്ര വനിതകളുടെ മുലപ്പാല്‍ കപ്പല്‍ മാര്‍ഗം അമേരിക്കയിലെത്തുകയും അവിടെവെച്ച് പാസ്ച്യുറൈസ്ഡ് ചെയ്ത ശേഷം 147 മില്ലിയുള്ള പാക്കറ്റ് 20 അമേരിക്കന്‍ ഡോളറിന് വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്. ആവശ്യത്തിന് മുലപ്പാലില്ലാത്ത അമേരിക്കയിലെ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് പോഷകങ്ങള്‍ വേണമെന്നുള്ളവരുമാണ് ഇതിന്റെ ഉപഭോക്താക്കള്‍. കംമ്പോഡിയന്‍ കാബിനറ്റ് ഇന്നലെയാണ് മുലപ്പാല്‍ വാങ്ങി കയറ്റുമതി ചെയ്യുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന് ഉത്തരവ് നല്‍കിയത്. കംബോഡിയയുടെ മുലപ്പാല്‍ കയറ്റുമതിയെ യുനിസെഫ് കഴിഞ്ഞ ആഴ്ച അപലപിച്ചിരുന്നു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ കംബോഡിയയില്‍ നിരവധിയുണ്ടെന്നിരിക്കെ ഇത് കയറ്റുമതി ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു യുനിസെഫ് നിലപാട്.
അതേസമയം കംബോഡിയന്‍ വനിതകളെ മുലപ്പാല്‍ ഊട്ടുന്നത് പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് ചെറിയ വരുമാനം ലഭ്യമാക്കാനുമാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് ആംബ്രോസിയ ലാബിന്റെ നിലപാട്.