പിണറായി വിജയന്റെ തലക്ക് വിലയിട്ട ആര്‍ എസ് എസ് നേതാവ് അറസ്റ്റില്‍

Posted on: March 29, 2017 12:40 am | Last updated: March 29, 2017 at 12:26 am

ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച ആര്‍ എസ് എസ് മുന്‍ നേതാവ് കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പോലീസ് അറസ്റ്റ് ചെയ്ത കുന്ദന്‍ ചന്ദ്രാവതിനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഉജ്ജയിനിയിലെ പൊതുപരിപാടിക്കിടെ ഈ മാസം ഒന്നിനാണ് ആര്‍ എസ് എസ് പ്രാദേശിക നേതാവായിരുന്ന കുന്ദന്‍ ചന്ദ്രാവത് വിവാദ പരാമര്‍ശം നടത്തിയത്. ‘ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന കേരള മുഖ്യമന്ത്രിയുടെ തലയെടുത്താല്‍ അതിനുള്ള പ്രത്യുപകാരമായി ഒരു കോടിയിലേറെ രൂപ പ്രതിഫലം നല്‍കാന്‍ ഞാനെന്റെ വസ്തു വേണമെങ്കില്‍ വില്‍ക്കും.

മുന്നൂറോളം പ്രചാരകര്‍ കൊല്ലപ്പെട്ടു. ഭാരത മാതാവിനുള്ള രക്തഹാരമായി ഞങ്ങള്‍ മൂന്ന് ലക്ഷം തലകളെടുക്കുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു’- ഇതായിരുന്നു വിവാദ പ്രസംഗം.
പ്രസംഗം വന്‍ വിവാദമായതോടെ ചന്ദ്രാവത് പരാമര്‍ശം പിന്‍വലിച്ച് ഖേദപ്രകടനം നടത്തി. എന്നാല്‍, ആര്‍ എസ് എസ് നേതൃത്വം ഇയാളെ സംഘടനയുടെ എല്ലാ തലത്തിലുള്ള പദവികളില്‍ നിന്നും പുറത്താക്കുകയായിരുന്നു.