വിമര്‍ശനങ്ങളോട് അസഹിഷ്ണുത?

Posted on: March 29, 2017 6:18 am | Last updated: March 29, 2017 at 12:18 am

വിമര്‍ശനങ്ങള്‍ക്കതീതരല്ല ഭരണ കര്‍ത്താക്കള്‍. ആര്‍ക്കും തെറ്റ് സംഭവിക്കാം. വീഴ്ചകളുണ്ടാകാം. പിഴവുകള്‍ക്കെതിരെ ഉയരുന്ന ആരോഗ്യകരമായ വിമര്‍ശനങ്ങളെ നല്ല മനസ്സോടെ നേരിടാനുള്ള ആര്‍ജവവും അവയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാനുള്ള വിശാലഹൃദയവുമാണ് ഭരണാധികാരികള്‍ക്ക് വേണ്ടത്. വിമര്‍ശനത്തെ ഭയപ്പെടുന്നവരല്ല, അത് സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നവരായിരിക്കണം ജനായത്ത ഭരണത്തിലെ നേതൃത്വങ്ങള്‍.
സോഷ്യല്‍ മീഡിയയിലെ ഇടപെടലിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന ഭരണപരിഷ്‌കാര വകുപ്പ് അടുത്ത ദിവസം ഇറക്കിയ ഉത്തരവ് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണ്. സര്‍ക്കാര്‍ നയങ്ങളില്‍ അനുമതിയില്ലാതെ അഭിപ്രായ പ്രകടനം നടത്തരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അത് ഗുരുതര വീഴ്ചയായി കണക്കാക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സര്‍ക്കാര്‍ നയത്തെയോ നടപടിയെയോ എഴുത്തിലൂടെയോ സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ സംഘടനാ യോഗങ്ങളിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ലെന്ന് 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 60(എ)പ്രകാരം വിലക്കിയിട്ടുണ്ട്. ഇതടിസ്ഥാനത്തിലാണത്രേ ഉത്തരവ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തും ഇറങ്ങിയിരുന്നു സമാനമായ വിജ്ഞാപനം. ജീവനക്കാര്‍ക്ക് സാഹിത്യ സൃഷ്ടികള്‍ നടത്തുന്നതിന് പോലും അനുമതി വേണമെന്നായിരുന്നു അന്നത്തെ നിര്‍ദേശം.

വിമര്‍ശനങ്ങളെ ഇഷ്ടപ്പെടാത്തവരും ഭയപ്പെടുന്നവരുമാണ് ഇന്നത്തെ ഭരണാധികാരികള്‍ പൊതുവെ. മാത്രമല്ല, വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ അധികാരത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിക്കുക മാത്രമല്ല, വ്യാജകേസില്‍ അകപ്പെടുത്തുക പോലും ചെയ്യും. പ്രധാനമന്ത്രിയെയും സര്‍ക്കാറിനെയും വിമര്‍ശിച്ചതിനാണ് മദ്രാസ് ഐ ഐ ടിയിലെ സ്റ്റുഡന്റ്‌സ് ഫോറത്തിന് ഐ ഐ ടി മദ്രാസ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നിരോധം. തമിഴ്‌നാട്ടില്‍ കഴിഞ്ഞ എ ഐ എ ഡി എം കെ ഭരണകാലത്ത് വിമര്‍ശകരെ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയും കേസെടുത്ത് പീഡിപ്പിക്കുകയും ചെയ്തിരുന്നു. അതിരൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടി അതിനോട് പ്രതികരിച്ചത്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം. വ്യക്തിപരമായ വിമര്‍ശനങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യരുതെന്നും അപകീര്‍ത്തികേസുകള്‍ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് കളങ്കമാണെന്നും ജസ്റ്റിസ് ദീപക് മിശ്രയും ആര്‍ എഫ് നരിമാനുമടങ്ങുന്ന ബഞ്ച് തമിഴ്‌നാട് സര്‍ക്കാറിനെ ഉപദേശിക്കുകയും ചെയ്തു.
രാജ്യം ഇന്നും ആദരിക്കുന്ന ഭരണാധികാരിയാണല്ലോ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. വിമര്‍ശനങ്ങള്‍ അദ്ദേഹവും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. നെഹ്‌റുവിനെ പരിഹസിക്കുന്ന നിരവധി കാര്‍ട്ടൂണുകള്‍ അക്കാലത്ത് പ്രത്യക്ഷപ്പെട്ടു. പക്ഷേ, വിശാല മനസ്സോടെയായിരുന്നു അദ്ദേഹം അതിനെ നോക്കിക്കണ്ടിരുന്നതും വിലയിരുത്തിയിരുന്നതും. നെഹ്‌റുവിന്റ അടുത്ത സുഹൃത്തായിരുന്നു സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. എങ്കിലും നെഹ്‌റുവിനെ വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരവസരവും ശങ്കര്‍ പാഴാക്കാറുണ്ടായിരുന്നില്ല. എന്നാല്‍ നെഹ്‌റുവോ സഹപ്രവര്‍ത്തകരോ അതിനെതിരെ പ്രതിഷേധിക്കുകയോ മാനനഷ്ടത്തിന് കേസ് കൊടുക്കുകയോ ചെയ്തിട്ടില്ല. അവര്‍ ആ സൃഷ്ടികളെ ആസ്വദിച്ചിട്ടേ ഉള്ളു. അപ്പേരില്‍ നെഹ്‌റുവും ശങ്കറും തമ്മിലുള്ള സൗഹൃദ ബന്ധത്തിന് ഉലച്ചില്‍ തട്ടിയുമില്ല.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ പലപ്പോഴും നല്ല ഫലങ്ങള്‍ ഉളവാക്കാറുണ്ട്. സൈന്യത്തില്‍ താഴെക്കിട ജീവനക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളും സൈനികര്‍ക്ക് അനുവദിക്കുന്ന ഭക്ഷ്യ വസ്തുക്കളിലടക്കം ഉന്നതോദ്യോഗസ്ഥര്‍ കാണിക്കുന്ന അഴിമതിയും പുറം ലോകമറിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഒരു ജവാന്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ്. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നപ്പോഴാണ് സോഷ്യല്‍ മീഡിയയെ അദ്ദേഹം അഭയം പ്രാപിച്ചത്. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടാനും സൈനികരുടെ ഭക്ഷ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും ഇടയാക്കിയ ഈ നടപടിയെ കുറ്റകരമായി കാണുകയാണോ അദ്ദേഹത്തെ അഭിന്ദിക്കുകയാണോ ഒരു ജനാധിപത്യ ഭരണ കൂടം ചെയ്യേണ്ടത്?

അതേസമയം, വിമര്‍ശനം ആരോഗ്യകരവും നല്ല ലക്ഷ്യത്തോടെയുമായിരിക്കേണ്ടതുണ്ട്. രാഷ്ട്രീയ വിരോധം തീര്‍ക്കാനോ സര്‍ക്കാറിനെ താറടിക്കാനോ ആകരുത്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരെ ലൈംഗികാരോപണങ്ങളും അപകീര്‍ത്തികരമായ ആരോപങ്ങളും ഇന്ന് സാര്‍വത്രികമാണ്. വിശദ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇവയിലേറെയും വ്യാജമാണെന്നാണ് കണ്ടെത്താറ്. ഇത്തരം വ്യാജ ആരോപണങ്ങളെ ചൊല്ലി അധികാരം നഷ്ടപ്പെട്ടവരും ജനമധ്യത്തില്‍ അവഹേളിതരായവരും ധാരാളമാണ്. ഇത്തരം ദുരുദ്ദേശ്യപരമായ വിമര്‍ശങ്ങള്‍ക്ക് നിയന്ത്രണം തീര്‍ച്ചയായും ആവശ്യമാണ്.