ചരക്ക് വാഹനങ്ങള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Posted on: March 28, 2017 11:00 am | Last updated: March 27, 2017 at 11:53 pm

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ലോറികള്‍, ടിപ്പറുകള്‍, മിനി ലോറികള്‍, ടാങ്കര്‍, കണ്ടയ്‌നര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചരക്ക് വാഹനങ്ങളും ഈ മാസം 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കോര്‍ഡിനേഷന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ ഓര്‍ഗനൈസേഷന്‍സ് (സി എം എസ്) ഭാരവാഹികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്‍ഷ്വറന്‍സ് പ്രീമിയം നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, 15 വര്‍ഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, വേഗപ്പൂട്ട് നിയമം പിന്‍വലിക്കുക, ടോള്‍ ബൂത്തുകളിലെ പിരിവ് അവസാനിപ്പിക്കുക, ആര്‍ ടി ഒ ഓഫീസുകളിലെ ഫീസ് വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് സംഘടനകള്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (എസ് ഐ എം ടി എ)ന്റെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ സംസ്ഥാനത്തെ 13 സംഘടനകള്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കെ ബാലചന്ദ്രന്‍ സംബന്ധിച്ചു.