ലിബിയന്‍ തീരത്ത് ആയിരം അഭയാര്‍ഥികളെ രക്ഷിച്ചു

Posted on: March 28, 2017 10:45 am | Last updated: March 27, 2017 at 11:47 pm

ട്രിപ്പോളി: ലിബിയന്‍ തീരത്ത് നിന്ന് ആയിരത്തിലധികം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയെന്നും ഒരു സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും സന്നദ്ധ സംഘടനകള്‍. മരംകൊണ്ട് നിര്‍മിച്ച ബോട്ടില്‍ ഏകദേശം 400 പേരാണ് യാത്ര ചെയ്തിരുന്നതെന്നും മറ്റുള്ളവര്‍ കാറ്റുനിറച്ച റബ്ബര്‍ തോണികളിലാണ് യാത്രചെയ്തിരുന്നതെന്നും ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിനേയും മെഡിറ്ററേനിയന്‍ എസ് ഒ എസിനേയും ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. അബോധാവസ്ഥയില്‍ ഒരു റബ്ബര്‍ തോണിയില്‍ കണ്ടെത്തിയ യുവതി പിന്നീട് മരിച്ചുവെന്നും എം എസ് എഫ് പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 250 കുടിയേറ്റക്കാരും അഭയാര്‍ഥികളും സഞ്ചരിച്ചിരുന്ന ബോട്ട് ലിബിയന്‍ തീരത്ത് വെച്ച് അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് ഇത്രയും അഭയാര്‍ഥികളെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ച രണ്ട് കപ്പലുകള്‍ കണ്ടെത്തുന്നത്.

ഇറ്റലിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആഫ്രിക്കന്‍ അഭയാര്‍ഥികളാണ് ഇവരിലേറെയും. 22,000 പേരെയാണ് ഈ വര്‍ഷം ഇതുവരെ രക്ഷപ്പെടുത്തിയത്.