ഷാര്‍ജയിലും ഗ്രോസറി നവീകരണം; നടപടി തുടങ്ങി

Posted on: March 27, 2017 10:10 pm | Last updated: March 27, 2017 at 10:18 pm

ഷാര്‍ജ: ഗ്രോസറി നവീകരണ നടപടികള്‍ക്ക് ഷാര്‍ജയിലും തുടക്കംകുറിച്ചു. അബുദാബിക്ക് പിന്നാലെയാണ് ഷാര്‍ജയിലും നവീകരണ നടപടികള്‍. ഇക്കണോമിക് ഡിപ്പാര്‍ട്‌മെന്റാണ് നിര്‍ദേശം നല്‍കിയത്. നവീകരണവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ഗ്രോസറി ഉടമകള്‍ക്ക് ലഭിച്ച്തുടങ്ങി. ഏത് രൂപത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് വിശദമായി പ്രതിപാദിക്കുന്ന ലഘുലേഖയും ഉടമകള്‍ക്ക് ലഭിക്കുന്നുണ്ട്. സാമ്പത്തിക കാര്യ വകുപ്പധികൃതരാണ് ഗ്രോസറികളില്‍ നേരിട്ടെത്തി അറിയിപ്പുകള്‍ നല്‍കുന്നത്. റോള, നബ്ബ ഭാഗങ്ങളിലെ നിരവധി ഉടമകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിപ്പ് ലഭിച്ചു.

നിശ്ചിത കാലപരിധിക്കുള്ളില്‍ നവീകരണം പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശമാണ് ഉടമകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നവീകരണത്തിന് സമീപിക്കേണ്ട സ്ഥാപനങ്ങളെ കുറിച്ചും അധികൃതര്‍ ഉടമകള്‍ക്ക് വിവരം നല്‍കുന്നുണ്ട്.
നവീകരണത്തിന് നിരവധി വ്യവസ്ഥകളും നിര്‍ദേശങ്ങളും അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. നഗരസഭയുടെ ഫുഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ വ്യവസ്ഥകളാണ് പാലിക്കപ്പെടേണ്ട നിര്‍ദേശങ്ങളില്‍ ആദ്യമായി അറിയിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഗ്രോസറിക്കുള്ളിലെ നിലം സിറാമിക് ടൈല്‍സ് പതിച്ച് മറച്ചിരിക്കണമെന്നാണ് പ്രഥമ വ്യവസ്ഥ. പൊട്ടലുകളില്ലാത്ത മൃദുവായ ചുമരുകളായിരിക്കണമെന്നും വെളുത്ത നിറം പൂശണമെന്നും നിര്‍ദേശിക്കുന്നു. സീലിംഗുകള്‍, എയര്‍ കണ്ടീഷനറുകള്‍, ഷെല്‍ഫുകള്‍ എന്നിവ സംബന്ധിച്ചും വിശദീകരിക്കുന്നുണ്ട്. കടയുടെ മുന്‍ഭാഗം ഗ്ലാസ് കൊണ്ടായിരിക്കണം. പ്രവേശന കവാടത്തില്‍ എയര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കണം. ഷെല്‍ഫുകള്‍ നിശ്ചിത അകലത്തിലാണ് വെക്കേണ്ടത്. ഉപഭോക്താക്കള്‍ക്ക് പ്രയാസമില്ലാതെ കടക്കുള്ളിലെ ഷെല്‍ഫുകള്‍ക്കിടയില്‍ നടക്കാന്‍ സൗകര്യമുണ്ടായിരിക്കണം തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളാണ് നവീകരണവുമായി ബന്ധപ്പെട്ട് നിഷ്‌കര്‍ശിച്ചിരിക്കുന്നത്. സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. ജീവനക്കാര്‍ക്ക് യൂണിഫോമും നിര്‍ബന്ധമാക്കുന്നു.

നവീകരണ വിവരങ്ങള്‍ ലഭിച്ചതോടെ ഗ്രോസറി ഉടമകള്‍ ആശങ്കയിലും വിഷമത്തിലുമായിട്ടുണ്ട്. നവീകരണം സാധ്യത മാത്രമായിക്കണ്ടിരുന്ന ഉടമകള്‍ ഇത് യാഥാര്‍ഥ്യമായതോടെ എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയാണ്. ഷാര്‍ജയിലെ ഗ്രോസറി ഉടമകളില്‍ ഭൂരിഭാഗവും മലയാളികളാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. അധികൃതരുടെ നിര്‍ദേശമനുസരിച്ചുള്ള നവീകരണത്തിന് കുറഞ്ഞത് ഒരു ലക്ഷം ദിര്‍ഹമെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നതായി റോളയിലെ ഒരു ഗ്രോസറി ഉടമ പറഞ്ഞു. ഒറ്റയടിക്ക് ഇത്രയും ഭീമമായ തുക ചെലവഴിക്കുന്നതില്‍ കടുത്ത പ്രയാസം നേരിടേണ്ടിവരുമെന്നും ഇയാള്‍ പറയുന്നു. മിക്ക ഗ്രോസറികളിലും ഒറ്റമുറികളിലും മറ്റുമാണ് പ്രവര്‍ത്തിക്കുന്നത്. ചിലത് വേണ്ടത്ര സൗകര്യങ്ങളില്ലാതെയും. ഇത്തരം കടകളെ നവീകരണം പ്രതികൂലമായി ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും അനായാസം സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും മറ്റും അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രോസറികള്‍ നവീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.