Connect with us

Kozhikode

കയ്യേലിക്കലും പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമം: അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം: കാരാട്ട് റസാക്ക്

Published

|

Last Updated

കാരാട്ട് റസാക്ക് എം എല്‍ എ യുടെ അധ്യക്ഷതയില്‍ താമരശ്ശേരിയില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗം.

താമരശ്ശേരി: കയ്യേലിക്കലും പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കാരാട്ട് റസാക്ക് എം എല്‍ എ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗം ആവശ്യപ്പെട്ടു. കയ്യേലിക്കല്‍, വെണ്ടേക്ക് മുക്ക്, മൂന്നാംതോട് ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ത്തത്. താമരശ്ശേരി റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കാരാട്ട് റസാക്ക് എം എല്‍ എ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതി, ഡി വൈ എസ് പി. കെ അഷ്‌റഫ്, സി ഐ. ടി എ അഗസ്റ്റിന്‍, എസ് ഐ സായൂജ് കുമാര്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ബാബു, ഗിരീഷ് ജോണ്‍, എ പി സജിത്ത്, സി കെ വേണുഗോപാല്‍, എ അരവിന്ദന്‍, ഗിരീഷ് തേവളളി, പി എസ് മുഹമ്മദലി, എ പി മുസ്ഥഫ, കണ്ടിയില്‍ മുഹമ്മദ് ഹാജി, സഹദേവന്‍, സോമന്‍ പിലാത്തോട്ടം തുടങ്ങിയവരും സംബന്ധിച്ചു.

അക്രമ സംഭവങ്ങളില്‍ പങ്കില്ലെന്നും നിശ്പക്ഷമായ അന്വേഷണം നടത്തണമെന്നുമായിരുന്നു ബി ജെ പി യും സി പി എമ്മും വ്യക്തമാക്കി. സി പി എം പ്രവര്‍ത്തകര്‍ തന്നെയാണ് കയ്യേലിക്കലിലെ അക്രമങ്ങള്‍ക്കു പിന്നിലെന്നും ബി ജെ പി പ്രവര്‍ത്തകരെ പ്രയാസപ്പെടുത്തിയാല്‍ അതേ നിലയില്‍ തിരിച്ചടിക്കുമെന്നുള്ള ബി ജെ പി പ്രതിനിധിയുടെ പ്രഖ്യാപനത്തിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനുള്ള യോഗത്തിലും പ്രകോപനം സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് സി പി എം പ്രതിനിധികള്‍ ആരോപിച്ചു. അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും യഥാര്‍ത്ഥ പ്രതികളെയല്ല അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ടായി. പ്രദേശത്ത് കേമ്പ് ചെയ്യുന്ന പോലീസ് ഹെല്‍മെറ്റ് വേട്ട നടത്തി യാത്രക്കാരെ പ്രയാസപ്പെടുത്തുകയാണെന്നും ആക്ഷേപമുണ്ടായി.

ഇരുട്ടിന്റെ മറവില്‍ നടക്കുന്ന അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടാനുള്ള മാസ്മരിക ശക്തിയൊന്നും പോലീസിനില്ലെന്ന് ഡി വൈ എസ് പി യും തിരിച്ചടിച്ചു. പോലീസിന് യാതൊരു സമ്മര്‍ദ്ധവിമില്ല. അക്രമികളെ തള്ളിപ്പറയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. കേസന്വേഷണത്തിന് സമയം ആവശ്യമാണെന്നും ആരെങ്കിലും തരുന്ന ലിസ്റ്റ് പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യാനാവില്ലെന്നും അദ്ധേഹം പറഞ്ഞു. അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ബോംബേറ് സംബന്ധിച്ച് പ്രത്യേകം അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അന്വേഷണം കാര്യക്ഷമമാക്കണമെന്നും പ്രദേശത്ത് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ സൗഹൃദ സംഗമം വിളിച്ചു ചേര്‍ക്കണമെന്നും എം എല്‍ എ നിര്‍ദ്ധേശിച്ചു. ഈ മാസം 30 ന് എം എല്‍ എയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേര്‍ന്ന് ഭാവി നടപടികള്‍ക്ക് രൂപം നല്‍കും.

 

Latest