അൽ ഐനിൽ പിക്കപ്പ് മറിഞ്ഞ് രണ്ടു മലയാളികൾ മരിച്ചു

Posted on: March 26, 2017 2:05 am | Last updated: May 5, 2017 at 11:31 am

അൽ ഐൻ: അൽ ഐൻ ട്രക്ക് റോഡിൽ അൽ സാദ് റൗണ്ട് എബൗട്ടിൽ പിക്കപ്പ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ സഹ്‌റ ട്രാൻസ്‌പോർടിംഗ് കമ്പനിയിലെ ജീവനക്കാരായ തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷൻ കടവ് സ്വദേശി സ്റ്റോർ കീപ്പറായിരുന്ന അൻസിൽ അബ്ദുൽ മജീദ്(34), സൈറ്റ് അഡ്മിൻ പത്തനംതിട്ട പന്തളം നരിയാപുരം സ്വദേശി ഹരികൃഷ്ണൻ(28) എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണൻ സംഭവസ്ഥലത്തും അൻസിൽ ആശുപത്രിയിലും മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വെകുന്നേരമാണ് അപകടം. ആറു മാസം മുമ്പാണ് അൻസിൽ അൽ സഹ്‌റ കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ കയറിയത് പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു നാട്ടിൽ നിന്നും തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറുടെ കൂടെ ഹരികൃഷ്ണൻ അൻസിലിനെ കൂട്ടാൻ എയർപോർട്ടിൽ പോയി വരുന്ന വഴിയിലാണ് അപകടമുണ്ടായത്. ഏഴ് മാസം മുമ്പാണ് ഹരികൃഷണൻ യു എ ഇ ലെത്തിയത്. അൽ മദാം ആശുപത്രിയിൽ വെച്ചാണ് അൻസിൽ മരിച്ചത്. അബ്ദുൽ മജീദിന്റെയും മാഷികയുടേയും മകനാണ് അൻസൽ. ഭാര്യ: ഫുജൈറ. സഹോദരങ്ങൾ: അനസ്, അനിത. മൂന്ന് വയസുള്ള മകളുണ്ട്. പരേതനായ ശശീധരന്റെയും ശ്രീദേവിയുടെയും മകനാണ് ഹരികൃഷ്ണൻ. അവിവാഹിതനാണ്. സഹോദരൻ: ശ്രീനാഥ്. മൃതദേഹങ്ങൾ ജിമ്മി ആശപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അൻസലിന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഹരികൃഷണന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയാൽ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അൽ ഐൻ ഐ സി എഫ് നേതാക്കൾ നിയമ നടപടികൾക്ക് നേതൃത്വം നൽകി.