Connect with us

National

അറവുശാലകള്‍ക്ക് താഴിടുന്നു; യു പിയില്‍ ലക്ഷങ്ങള്‍ ദുരിതത്തിലേക്ക്‌

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പാക്കുന്ന സമ്പൂര്‍ണ മാംസ നിരോധന നീക്കം ലക്ഷക്കണക്കിന് പേരെ ദുരിതത്തിലേക്ക് നയിക്കും. ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ മാംസ നിരോധനം ഏര്‍പ്പെടുത്തി. ഒറ്റ രാത്രികൊണ്ട് നൂറോളം അറവുശാലകളാണ് ഇവിടെ പൂട്ടിച്ചത്. മീന്‍ വില്‍ക്കുന്നത് പോലും ഗോരഖ്പൂരില്‍ വിലക്കപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചെന്ന പേരിലാണ് സര്‍ക്കാര്‍ അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

പാരമ്പര്യമായി പ്രവര്‍ത്തിച്ചുവന്ന അറവുശാലകള്‍ പൂട്ടിയതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലേക്ക് നീങ്ങുന്നത്. എന്നാല്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്. ബീഫിന് പുറമെ ആടും കോഴിയും മീനും വിലക്കിയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് അറവുശാല നടത്തിപ്പുകാരുടെ മുന്നിലുള്ളത്. ലൈസന്‍സ് സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും അധികൃതര്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. അതിനിടെ യു പിയില്‍ മത്സ്യ- മാംസ കച്ചവട കേന്ദ്രങ്ങള്‍ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അതിനിടെ, അറവുശാലകള്‍ക്കെതിരായ നീക്കത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ മൃഗശാലകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മാട്ടിറച്ചിക്ക് പകരം മറ്റു ഇറച്ചികള്‍ നല്‍കിയെങ്കിലും മൃഗശാലയിലെ സിംഹങ്ങള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളൊന്നും ഇവ തിരിഞ്ഞുനോക്കുന്നു പോലുമില്ലെന്ന് അധികൃതര്‍ പറയുന്നു. എട്ട് മുതല്‍ പത്ത് കിലോ വരെ പോത്തിറച്ചിയാണ് ഓരോ മൃഗശാലയിലെയും സിംഹങ്ങളടക്കമുള്ള മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് ദിവസവും നല്‍കി വന്നിരുന്നത്. എന്നാല്‍ അറവുശാലകള്‍ പൂട്ടിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ മൃഗങ്ങളുടെ കാര്യം കഷ്ടത്തിലായിരിക്കുകയാണ്.

രണ്ട് ദിവസമായി ഇറ്റാവയിലെ ലയണ്‍ സഫാരിയില്‍ മൂന്ന് ജോഡി സിംഹങ്ങളും രണ്ട് കുട്ടികളും കഴിക്കാന്‍ നല്‍കിയ കോഴിയിറച്ചി തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. മാട്ടിറച്ചി കിട്ടാത്തതുകൊണ്ട് കോഴിയിറച്ചിയും ആട്ടിറച്ചിയും നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും മൃഗശാലാ അധികൃതര്‍ വ്യക്തമാക്കി.
മാംസ ലഭ്യതയില്‍വന്ന കുറവ് കാണ്‍പൂര്‍ മൃഗശാലയിലെ മൃഗങ്ങളെയും നിര്‍ബന്ധിത പട്ടിണിയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. ഇവിടുത്തെ അലന്‍ ഫോറസ്റ്റ് മൃഗശാലയിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അധികൃതര്‍ പരാതിപ്പെടുന്നു. ഇവിടെയും മാംസഭോജികളായ അന്തേവാസികള്‍ കോഴിയിറച്ചിയോട് രണ്ട് ദിവസമായി വിമുഖത പ്രകടിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്നതോ യന്ത്രവല്‍കൃതമായതോ ആയ അറവുശാലകള്‍ പൂട്ടാനുള്ള യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ നാല് അറവുശാലകളും പൂട്ടേണ്ടി വന്നിരുന്നു. ഇതോടെ മാംസഭുക്കുകളായ മൃഗങ്ങള്‍ക്കു നല്‍കുന്ന മാംസത്തിന്റെ അളവിലും കുറവു വരുത്തുകയായിരുന്നു. കാണ്‍പൂര്‍ മൃഗശാലയില്‍ സിംഹങ്ങള്‍ ഉള്‍പ്പെടെ മാംസഭുക്കുകളായ 70 മൃഗങ്ങളാണുള്ളത്.
വാര്‍ത്ത പുറത്തുവന്നതോടെ മൃഗശാലകളിലേക്ക് മാട്ടിറച്ചി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി ദാരാ സിംഗ് ചൗഹാന്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 300 അറവുശാലകളാണ് സംസ്ഥാനത്ത് അടച്ചുപൂട്ടിയത്. അനധികൃത, യന്ത്രവല്‍കൃത അറവുശാലകള്‍ നിര്‍ത്തലാക്കുമെന്ന് തിരഞ്ഞെടുപ്പിനു മുമ്പേ തന്നെ ബി ജെ പി പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറിയതിനു പിന്നാലെ തന്നെ ഇതിനായി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, പൂവാലന്മാരെ പിടിക്കാനായി രൂപവത്കരിച്ച ആന്റി റോമിയോ സ്‌ക്വാഡിനെ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
നിയമ നടപടിക്കൊരുങ്ങി വ്യാപാരികള്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഈ രംഗത്തെ വ്യാപാരികള്‍ നിയമ നടപടി ആലോചിക്കുന്നു. മാംസ സംസ്‌കരണ, ഭക്ഷ്യ ഉത്പന്ന വ്യവസായങ്ങള്‍ക്ക് 50 ശതമാനം സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുമ്പോഴാണ് യു പിയില്‍ അധികാരമേറ്റ ആദിത്യനാഥ് യോഗി സര്‍ക്കാര്‍ യന്ത്രവത്കൃത അറവുശാലകളടക്കം പൂട്ടാനുള്ള നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ നിയമനടപടികള്‍ ആലോചിക്കുകയാണെന്ന് ആള്‍ ഇന്ത്യ മീറ്റ് ആന്‍ഡ് ലൈവ്‌സ്‌റ്റോക്ക് എക്‌സ്‌പോര്‍േട്ടഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കേന്ദ്രനയവും സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും യോജിച്ചുപോകുന്നതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് ഉത്പാദകരുടെ തീരുമാനം.

രാജ്യത്തിന്റെ മാംസ കയറ്റുമതിയില്‍ 50 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇവിടെ വ്യവസായ ശാലകള്‍ അടച്ചുപൂട്ടിയാല്‍ 25 ലക്ഷം ആളുകളുടെ ജീവിതോപാധിയെ പ്രതികൂലമായി ബാധിക്കും.
കശാപ്പുശാലകള്‍ക്കും മാംസ വ്യാപാരികള്‍ക്കുമെതിരെ മൂന്ന് മാസമായി നടക്കുന്ന പ്രതിഷേധവും അക്രമവും കാരണം ഈ മേഖലയിലുള്ളവര്‍ കനത്ത നഷ്ടം നേരിടുകയാണ്. കഴിഞ്ഞ ദിവസവും അറവുശാലകള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. മീറത്തിലും മറ്റും വന്‍തോതിലുള്ള സംസ്‌കരണ ശാലകളിലടക്കം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും പല സ്ഥാപനങ്ങളും പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്.

 

Latest