പോലീസിന്റെ അഭിമാനകരമായ നേട്ടം: സി പി എം

Posted on: March 24, 2017 10:59 pm | Last updated: March 24, 2017 at 10:03 pm

കാസര്‍കോട്: ചൂരിയില്‍ മദ്‌റസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ചുരുങ്ങിയ സമയത്തിനകം അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് സി പി എം ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഈ കൊലക്കേസ് അന്വേഷിക്കാനും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പിണറായി വിജയന്‍ സര്‍ക്കാര്‍ കാണിച്ച നിലപാടും പ്രശംസനീയമാണ്.

വര്‍ഗീയ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളും മദ്യപാനവും സ്വാധീനം ചെലുത്തിയ കൗമാരക്കാരായ പ്രതികള്‍ ബിജെപി-ആര്‍എസ്.എസ് പ്രവര്‍ത്തകരാണെന്നത് വ്യക്തമായിരിക്കുകയാണ്.

എവിടെയെങ്കിലും നിസാര പ്രശ്‌നങ്ങളുണ്ടായാല്‍ അത്പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം സൗകര്യമായി കിട്ടുന്ന ആരെയും കൊലപ്പെടുത്താനുള്ള വര്‍ഗീയ ഭ്രാന്തിന്റെയും മദ്യപാനത്തിന്റെയും ഒത്തുച്ചേരല്‍ സൃഷ്ടിച്ച ക്രിമിനല്‍ മനോഭാവമാണ് ഈ സംഭവത്തില്‍ പ്രകടമായത്.ഇത്തരം ക്രിമിനല്‍ മനോഭാവം പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് പ്രഭൃതികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.