വാഹനത്തില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ്; നിയമത്തിന് ശൈഖ് സൈഫിന്റെ അംഗീകാരം

Posted on: March 24, 2017 9:30 pm | Last updated: March 24, 2017 at 9:03 pm

അബുദാബി: വാഹനത്തിലുള്ള എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാക്കിയുള്ള നിയമം വരുന്നു. യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അംഗീകാരം നല്‍കിയ പുതിയ ഫെഡറല്‍ ട്രാഫിക് നിയമത്തിലാണ് നിര്‍ദേശമുള്ളത്.

യു എ ഇയില്‍ ആദ്യമായാണ് ഇത്തരം നിയമം. സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത നിയമലംഘനത്തിന് 400 ദിര്‍ഹമായിരിക്കും പിഴ. കൂടാതെ വാഹനമോടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക്മാര്‍ക്കും വീഴും. നാല് വയസിനു താഴെയുള്ള കുട്ടികളെ വാഹനത്തില്‍ ഇരുത്തി യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക ഇരിപ്പിടമുണ്ടായിരിക്കണം. 145 സെന്റീമീറ്റര്‍ കുറവുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നു യാത്രചെയ്യുന്നത് വിലക്കിയിട്ടുണ്ട്. നിയമഭേദഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തി മൂന്ന് മാസത്തിനകം നിയമം പ്രാബല്യത്തിലാകുമെന്നു അധികൃതര്‍ അറിയിച്ചു. 2017/178 പ്രകാരമുള്ള മന്ത്രസഭാ തീരുമാനപ്രകാരമാണ് ട്രാഫിക് നിയമ ഭേദഗതി. ചില നിയമലംഘനങ്ങള്‍ക്കു നിലനില്‍ക്കുന്ന പിഴസംഖ്യ വര്‍ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം വാഹനത്തില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കാനുള്ള പരിധി 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. വാഹനങ്ങളുടെ വശങ്ങളിലും പിന്നിലുമുള്ള ചില്ലുകളില്‍ മാത്രമേ കൂളിംഗ് ലഭിക്കാനുള്ള കറുത്ത സ്റ്റിക്കര്‍ പതിക്കാന്‍ പാടുള്ളൂവെന്ന് നിയമം നിര്‍ദേശിക്കുന്നു. മുന്നില്‍ ഒരിക്കലും സ്റ്റിക്കര്‍ പതിക്കരുത്. ഭാരവാഹനങ്ങള്‍ക്കും ടാക്‌സി വാഹനങ്ങള്‍ക്കും കൂളിംഗ് സ്റ്റിക്കര്‍ വിലക്കിയിട്ടുണ്ട്. അനധികൃത ടാക്‌സി സര്‍വീസ് നടത്തിയാല്‍ ലൈസന്‍സ് നഷ്ടമാകും.