വിസ്മയമായി ഹെലികോപ്റ്റര്‍ ക്യാമറ

Posted on: March 24, 2017 8:59 pm | Last updated: March 24, 2017 at 8:46 pm

ദുബൈ: ഇന്നലെ സമാപിച്ച കാബ്‌സാറ്റില്‍ ജര്‍മന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച ഹെലികോപ്റ്റര്‍ വിസ്മയമായി. രണ്ടു പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാവുന്ന ഈ നൂതന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അതി വിദൂരതയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താവുന്നതാണ്. ഇതിനായി 360 ഡിഗ്രിയില്‍ പൂര്‍ണ വൃത്താകൃതിയില്‍ തിരിയുന്ന കാമറകളും ഹെലികോപ്റ്ററിന്റെ മുന്‍ വശത്തു സ്ഥാപിച്ചിട്ടുണ്ട്. ഒറ്റത്തവണ 20 ലിറ്റര്‍ ലിക്വിഡ് പെട്രോളിയം ഗ്യാസ് നിറക്കാവുന്ന ഹെലികോപ്റ്റര്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിവുള്ളതാണ്. പ്രതലത്തില്‍ നിന്ന് പറന്നുയര്‍ന്ന് അഞ്ച് മണിക്കൂര്‍ അഥവാ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ളതാണ്. 500 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് പകരുന്ന ദൃശ്യങ്ങള്‍ ചാരുതയോടെ തത്സമയം താഴെ നിലയത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന സ്റ്റുഡിയോ കേന്ദ്രത്തിലേക്ക് അയക്കുന്നതിനുള്ള സംവിധാനമുണ്ട്. ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ലൈവ് യു സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദൃശ്യഭംഗിക്ക് കുറവ് വരുത്താതെ അയക്കുന്നത്.

വലിയ സമ്മേളനങ്ങള്‍, ഒരു പ്രദേശത്തിന്റെയാകെ ആകാശ ദൃശ്യങ്ങള്‍, നഗരത്തിലെ ഗതാഗതക്കുരുക്ക് പഠനവിധേയമാക്കാന്‍ ഉപയോഗിക്കുന്ന ചിത്രീകരണങ്ങള്‍ തുടങ്ങിയവക്ക് ഹെലികോപ്റ്റര്‍ സാങ്കേതിക വിദ്യ ഉപകാരപ്രദമെന്ന് പേഴ്‌സ്‌പെക്റ്റീവ് കമ്പനി മാര്‍കറ്റിംഗ് മേധാവി ഫ്രിറ്റ്‌സ് സ്‌പൈലൗര്‍ പറഞ്ഞു. സ്വയം നിയന്ത്രിക്കാവുന്ന ഹെലികോപ്റ്ററിന് അതത് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് ലഭിക്കുന്നതോടെ നാവിഗേഷന്‍ ഇനത്തില്‍ അധികം ഫീസ് നല്‍കേണ്ടി വരില്ല. എയര്‍ ക്രാഫ്റ്റുകളെയും ഹെലികോപ്റ്ററുകളെയും നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റവുമായി ഹെലികോപ്റ്ററിനെ ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ഫ്രിറ്റ്‌സ് പറഞ്ഞു. ഒരു പൈലറ്റും ക്യാമറാമാനും ഇരുന്ന് സഞ്ചരിക്കാവുന്ന വിധത്തിലാണ് ഹെലികോപ്റ്ററിന്റെ രൂപകല്‍പന. 14.68 ലക്ഷം ദിര്‍ഹമാണ് ക്യാമറയും ഹെലികോപ്റ്ററുമടങ്ങുന്ന സംവിധാനങ്ങളുടെ വില.