തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം പാതിവഴിയില്‍

Posted on: March 24, 2017 11:00 am | Last updated: March 23, 2017 at 11:16 pm

കണ്ണൂര്‍: പദ്ധതി പൂര്‍ത്തീകരണത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം പാതിവഴിയിലായി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ 45 ശതമാനത്തില്‍ താഴെ മാത്രമാണ് തുക വിനിയോഗിച്ചത്. അടുത്ത കാലത്ത് ആദ്യമായാണ് 50 ശതമാനത്തില്‍ താഴെ തുക വിനിയോഗം നടക്കുന്നത്.
ഇന്നലെ വരെ സംസ്ഥാനത്താകെയുള്ള ഗ്രാമപഞ്ചായത്തുകള്‍ 43.68 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകള്‍ 47.12 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ 43.45 ശതമാനവും മുന്‍സിപ്പാലിറ്റികള്‍ 40.72 ശതമാനവും തുക ചെലവഴിച്ചു. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലായി 30.7 ശതമാനവും തുക വിനിയോഗിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പദ്ധതി നിര്‍വഹണം വളരെ കുറവാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70 ശതമാനത്തോളം പദ്ധതി നിര്‍വഹണം നടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയത് ഏറെ വൈകിയത് മൂലമാണ് തുടര്‍ നടപടികള്‍ വൈകാനും പദ്ധതി നിര്‍വഹണം അമ്പത് ശതമാനത്തില്‍ താഴെയാകിനിടയായതെന്നുമാണ് അധികൃതരുടെ വാദം. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച പദ്ധതി രൂപവത്കരണം നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവലില്‍ വന്നതിനെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. പിന്നീട് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പദ്ധതി രൂപവത്കരണത്തിലുണ്ടായ പരിഷ്‌കാരങ്ങളും മറ്റുമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകാനിടയാക്കിയതെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. പല പദ്ധതികള്‍ക്കും സാങ്കേതിക അനുമതി ലഭിക്കാത്തതും പ്രവര്‍ത്തനങ്ങളുടെ കാലതാമസത്തിനിടയാക്കി.

അതേസമയം, ത്രിതല പഞ്ചായത്തുകളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒഴിവുകളും പദ്ധതി പ്രവര്‍ത്തനത്തെ ബാധിച്ചതായി പറയുന്നുണ്ട്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, പദ്ധതി ക്ലാര്‍ക്ക് എന്നിവരുടെ കുറവാണ് സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ തളര്‍ത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ സോഫ്റ്റ് വെയര്‍ നടപ്പാക്കിയതും ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ കാലതാമസമുണ്ടായതും ചട്ടങ്ങള്‍ തുടരെ മാറ്റിയതും പ്രവര്‍ത്തനത്തെ തളര്‍ത്തി.
അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും കഴിഞ്ഞ മാസം ആഴ്ചകളോളം നീണ്ടുനിന്ന വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടികളും മറ്റും നടത്തിയത് ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണം അവതാളത്തിലാക്കാന്‍ കാരണമായതായി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. അവസാന നാളുകളില്‍ തിരക്കിട്ട് ചെലവിടുന്ന രീതി തടയാനാണ് 2017-18 വാര്‍ഷിക പദ്ധതികള്‍ മാര്‍ച്ച് 31നകം അംഗീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇത്തവണ നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനായി സെക്രട്ടറിമാരും ഉദ്യോഗസ്ഥരും ഒരുമിച്ചിറങ്ങിയതാണ് നടപ്പ് പദ്ധതി പ്രവര്‍ത്തനം മിക്ക പഞ്ചായത്തുകളിലും നിലക്കുന്നതിനിടയാക്കിയത്.

അതേസമയം പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണത്തിലും പദ്ധതിനിര്‍വഹണത്തിലും ജനകീയ പങ്കാളിത്തം കൊണ്ടുവരുന്നതുള്‍പ്പടെയുള്ള പരിപാടികള്‍ തദ്ദേശ വകുപ്പ് നടപ്പാക്കും.